ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ ശമ്പളം ലഭിക്കുന്ന വരെ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. അതേസമയം കോഴിക്കോട് ജില്ലയിൽ നിപ്പ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് 316 ആംബുലൻസുകൾ ആണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. 1300 ലേറെ ജീവനക്കാർ സംസ്ഥാനത്ത് ജോലി നോക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ആണ് 108 ആംബുലൻസ് പദ്ധതിയുടെ മേൽനോട്ട ചുമതല.