X

അഞ്ജുമന്‍-ഇ-ഇസ്‌ലാം 150-ാം വര്‍ഷത്തിലേക്ക്; വേറിട്ട ആഘോഷവുമായി വിജ്ഞാനകേന്ദ്രം

150 വര്‍ഷം മുമ്പ് 1874 ഫെബ്രുവരി 21നാണ് അഞ്ജുമന്‍-ഇ.ഇസ്‌ലാം എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കമിടുന്നത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല ആരംഭിക്കുന്നതിന് ഒരുവര്‍ഷം മുമ്പ്. മുസ്‌ലിംകളില്‍ ആധുനിക വിദ്യാഭ്യാസം എന്നതായിരുന്നു സ്ഥാപനത്തിന് പിന്നിലെ മഹത്തുക്കളുടെ ലക്ഷ്യം. മുംബൈ ഉമര്‍ഖാദിയിലെ ബാബുലടാങ്കില്‍ ചെറിയൊരു കെട്ടിടത്തോടെയായിരുന്നു തുടക്കം. ഇപ്പോള്‍ മുംബൈ സി.എസ്.ടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വിശാലമായ വളപ്പിലും കെട്ടിടങ്ങളിലുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1893ലാണ ്പുതിയ സ്ഥലത്തേക്ക് മാറുന്നത്. ഒന്നരശതാബ്ദിയാഘോഷത്തിന് ഒരുങ്ങുന്ന സ്ഥാപനത്തിന് പക്ഷേ ഒരുക്കുന്നത് സ്റ്റേഡിയം മുഴുവനായും. അത്രക്കുണ്ട് അതില്‍നിന്ന് പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരുടെ നീണ്ടനിര. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുകയെന്ന് അഞ്ജുമന്‍ പ്രസിഡന്റ് ഡോ. സാക്കിര്‍ ഖാസി അറിയിച്ചു. 1,10,000 വിദ്യാര്‍ത്ഥികളാണ് 97 വിഭാഗങ്ങളുള്ള ഈ സ്ഥാപനത്തിലുള്ളത്. കെ.ജി മുതല്‍ പി.എച്ച്.ഡി വരെ..
മൂന്നാമത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ബദറുദ്ദീന്‍ ത്വയ്യിബ്ജിയും സഹോദരന്‍ ഖമറുദ്ദീന്‍ ത്വയ്യ്ബ്ജിയുമായിരുന്നു അഞ്ജുമന്റെ സ്ഥാപകര്‍. ഗുലാം മുഹമ്മദ് റോഗെ, ഗുലാം മുഹമ്മദ് മുന്‍ഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയില്‍ ബാരിസ്റ്ററായിരുന്നു ബദറുദ്ദീന്‍ അക്കാലത്ത് ബദറുദ്ദീന്‍ ത്വയ്യബ്ജി. ഇന്ത്യയിലാദ്യമായി സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചത് 1890ല്‍ ഇവിടെയായിരുന്നുവെന്നാണ ്ചരിത്രം. 1923ല്‍ പെണ്‍കുട്ടികള്‍ക്കും പ്രത്യേകസ്‌കൂള്‍ സ്ഥാപിതമായി. ഉര്‍ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്‍ പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.

 

Chandrika Web: