ബീവാര്‍: അപ്രതീക്ഷിതമായി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ജീവന്‍ നഷ്ടമായത് പിഞ്ചു കുഞ്ഞുങ്ങളടക്കം 150 ലധികം പേര്‍ക്കെന്ന് അനൗദ്യോഗിക കണക്ക്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക അരുണാറോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍ എന്ന സംഘടനയുടെ പഠന പ്രകാരമാണ് രാജ്യത്ത് 150 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.
രേഖപ്പെടുത്താത്ത മരണങ്ങളുടെ എണ്ണം ഇതിനേക്കാള്‍ ഏറെയാണെന്നാണ് വസ്തുത. തീരുമാനം പ്രാബല്യത്തില്‍ വന്ന ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ വിലപ്പെട്ട 25 ജീവനുകള്‍ പൊലിഞ്ഞിരുന്നു. നവജാതശിശുക്കള്‍ ചികിത്സ ലഭിക്കാതെയും മുതിര്‍ന്ന പൗരന്മാര്‍ പണത്തിനായി ക്യൂനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണും മരണത്തെ പുല്‍കിയപ്പോള്‍ ദുരിതം താങ്ങാനാവാതെ ജീവനൊടുക്കിയവരും നിരവധി.
നോട്ട് മാറാനാകാതെ തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. ചികില്‍സ ലഭിക്കാത്തതിനാല്‍ നവജാത ശിശുക്കള്‍ മരിച്ച പത്ത് സംഭവങ്ങളുണ്ടായി. മുംബൈ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് നവജാത ശിശു മരണം റിപ്പോര്‍ട്ട് ചെയ്തത്.
റേഷന്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മോദിയുടെ നാടായ ഗുജറാത്തില്‍ 50 കാരിയായ ഗൃഹനാഥ ജീവനൊടുക്കിയ സംഭവവുമുണ്ടായി. മോദിയുടെ തുഗ്ലക് പരിഷ്‌കാരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്നത് ക്രൂരതയുടെ മറ്റൊരു ഉദാഹരണം മാത്രം.