X

കൊച്ചിയില്‍ ദിവസേന 150 വിമാന സര്‍വീസുകള്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഈ കഴിഞ്ഞ മൂന്ന് മാസകാലയളവില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ പ്രതിദിനം 150-ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ് സിയാല്‍.

എയര്‍പോര്‍ട്ട് സ്ഥിതി വിവര കണക്കനുസരിച്ച് 2021 സെപ്റ്റംബര്‍നവംബര്‍ കാലയളവില്‍ സിയാല്‍ 11,891 വിമാന സര്‍വീസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുന്‍ കാലയളവിനേക്കാള്‍ 62% കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തില്‍ 2020 ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബര്‍നവംബര്‍ കാലയളവില്‍ വിമാനത്താവളം 110% വളര്‍ച്ച രേഖപ്പെടുത്തി.

മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ സിയാലിനു സാധിച്ചു . ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവില്‍ സിയാല്‍ വഴി കടന്ന് പോയത് . മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്.2020 സമാന കാലയളവില്‍ ഇത് 6,46,761 ആയിരുന്നു. വിമാനത്താവളത്തെ സുരക്ഷിതമായ യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളര്‍ച്ചയുടെ കാരണമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.

‘ ചെയര്‍മാന്റേയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശപ്രകാരം, യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് മുന്‍ വര്‍ഷത്തേക്കാളും കൂടുതല്‍ സര്‍വീസുകള്‍ നടപ്പാക്കാന്‍ ഈ വര്‍ഷം സാധിച്ചു- എസ്.സുഹാസ് കൂട്ടിച്ചേര്‍ത്തു.

2021 ഡിസംബര്‍ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉയര്‍ന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗള്‍ഫിലേക്ക് മാത്രമായി സിയാല്‍ ഇപ്പോള്‍ 182 പ്രതിവാര സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും സിയാലില്‍ നിന്നുമുണ്ട് .

20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിയാല്‍ സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വിപുലീകരിക്കാന്‍ ഇതോടെ സിയാലിനു സാധിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരേസമയം 700 കോവിഡ് പരിശോധനകള്‍ നടത്താനുള്ള സജീകരണങ്ങള്‍ രാജ്യന്തര അഗമന ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലയളവില്‍ പ്രതിവര്‍ഷം 1 കോടി യാത്രക്കാരെ കെകാര്യംചെയ്തിരുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരും മാസങ്ങളില്‍ വ്യോമയാന മേഖലയിയിലെ കുതിപ്പിനായി സജ്ജമാണ്..

 

 

Test User: