ജയ്പൂര്‍: ടി20 ക്രിക്കറ്റില്‍ ഒരു റണ്‍പോലും വഴങ്ങാതെ പത്തു വിക്കറ്റ് നേട്ടവുമായി പതിനഞ്ചുകാരന്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി അക്ഷയ് ചൗധരിയാണ് വിസ്മയകരമായ നേട്ടം കൈവരിച്ചത്.
ബന്‍വര്‍ സിങ് സ്മാരക ക്രിക്കറ്റിലാണ് അക്ഷയ് ചൗധരിയുടെ അപൂര്‍വ നേട്ടം. ദിശ ക്രിക്കറ്റ് അക്കാദമിയും പേള്‍ അക്കാദമിയും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റു ചെയ്ത ദിശ അക്കാദമി 20 ഓവറില്‍ 156 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ പേള്‍ അക്കാദമിക്ക് അക്ഷയ് ചൗധരിയുടെ ബൗളിങ് വേഗതക്കു മുന്നില്‍ മൂക്കുകുത്തി. തുടര്‍ച്ചയായി നാല് ഓവര്‍ എറിഞ്ഞ അക്ഷയ് 4-4-0-10 സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചു. 36 റണ്‍സ് മാത്രമാണ് പേള്‍ അക്കാദമിക്ക് നേടാനായത്.
ആദ്യ ഓവറില്‍ മൂന്നു വിക്കറ്റെടുത്ത ചൗധരി രണ്ട്, മൂന്ന് ഓവറുകളിലായി മൂന്നു പേരെ കൂടി പുറത്താക്കി. നാലാം ഓവറില്‍ ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റാണ് 15-കാരന്‍ വീഴ്ത്തിയത്.
2002 ജനിച്ച അക്ഷയ് ചൗധരി രാജസ്ഥാന്‍ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ഭാരത്പൂര്‍ ജില്ലയിലാണ് താമസിക്കുന്നത്.