X

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ 5പേര്‍ അറസ്റ്റില്‍; പിടിയിലായത് തൃശ്ശൂരില്‍ നിന്ന്

നടിയും മുന്‍ ബി.ജെ.പി. നേതാവുമായിരുന്ന ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ 5 പേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് കുന്നംകുളത്ത് നിന്ന് പിടിയിലായത്. തമിഴ്‌നാട് പൊലീസാണ് ഇവരെ പിടികൂടിയത്.

നിലവില്‍ കുന്നംകുളത്തിനടുത്ത് ചൂണ്ടലില്‍ താമസിക്കുന്ന തമിഴ്‌നാട് പുതുശ്ശേരി സ്വദേശി അഴകപ്പന്‍ (63), ഭാര്യ നാച്ചാന്‍ (56), മകന്‍ ശിവ(32), ഇയാളുടെ ഭാര്യ ആര്‍തി (28), സതീഷ്(27) എന്നിവരാണ് അറസ്റ്റിലായതെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു.

വ്യാജരേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് അപഹരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ സഹായിക്കാനെത്തിയ അഴഗപ്പനും ഭാര്യയും തന്നെ ചതിച്ചുവെന്നാണ് പരാതിയില്‍ ഗൗതമി പറഞ്ഞിരുന്നത്. പരാതിയില്‍ കേസെടുത്ത കാഞ്ചീപുരം പൊലീസ് നവംബര്‍ 11-ന് നടിയില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

കാഞ്ചീപുരം ജില്ലയിലെ ശ്രീ പെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തിലാണ് 25 കോടി വിലമതിക്കുന്ന സ്ഥലമുള്ളത്. നടിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള 46 ഏക്കറാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന് സഹായിക്കാനായെത്തിയതാണ് കെട്ടിടനിര്‍മാതാവു കൂടിയായ അഴഗപ്പനും കുടുംബവും. ഇവരെ വിശ്വസിച്ച നടി പവര്‍ ഓഫ് അറ്റോര്‍ണി കൊടുത്തു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് മനസിലാക്കി ചോദിച്ചപ്പോള്‍ അഴഗപ്പന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഗുണ്ടകളെ വിട്ട് വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. സംഭവം മകളുടെ പഠനത്തെ ബാധിക്കുന്നെന്നും ഗൗതമി വ്യക്തമാക്കിയിരുന്നു. തന്റെ സ്വത്ത് തട്ടിയെടുത്തവരെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഗൗതമി അടുത്തിടെയാണ് ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചത്.

 

webdesk13: