X

അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടി പൂര്‍ത്തിയായി 15 മാസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.  കണക്കുകളിലെ കൃത്യതയും യാഥാര്‍ത്ഥ്യവും ഉറപ്പു വരുത്തുന്നതിനുള്ള അതിവേഗ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് ഇതുസംബന്ധിച്ച് ആര്‍.ബി.ഐ നല്‍കുന്ന വിശദീകരണം. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിചിത്ര വിശദീകരണം.പരിശോധന പൂര്‍ത്തിയാകും വരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും ആര്‍.ബി.ഐ നല്‍കിയ മറുപടിയില്‍ പറയുന്നു.തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന്, പുനഃപ്പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭാവിയില്‍ എണ്ണത്തില്‍ തിരുത്തലുകള്‍ വന്നേക്കാം എന്ന മറുപടിയാണ് ആര്‍. ബി. ഐ നല്‍കിയത്.

തിരിച്ചെത്തിയ നോട്ടുകളുടെ ഏകദേശ മൂല്യം സംബന്ധിച്ച ചോദ്യത്തിന്, 15.28 ട്രില്യണ്‍ (15.28 ലക്ഷം കോടി) എന്ന ഉത്തരം നല്‍കി. റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്ന അതേ കണക്കു തന്നെയാണിത്. നോട്ട് എന്ന് എണ്ണിത്തീരുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

നൂതന സാങ്കേതിക വിദ്യകളുള്ള 59 കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രോസസിങ് (സി.വി.പി.എസ്) മെഷീനുകള്‍ ഉപയോഗിച്ച് നടപടി അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഈ ചോദ്യത്തിന് മറുപടി. ആര്‍.ബി.ഐയുടെ കൈവശമുള്ളതിനു സി.വി.പി.എസ് മെഷീനുകള്‍ക്ക് പുറമെ വാണിജ്യ ബാങ്കുകളില്‍നിന്ന് വാങ്ങിയും ലീസിനെടുത്തും ആര്‍. ബി .ഐ മേഖലാ കേന്ദ്രങ്ങളില്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു.

അതേസമയം ഏതെല്ലാം മേഖലാ കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് മറുപടിയില്‍ പറയുന്നില്ല.2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 15.44 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 80 ശതമാനം മാത്രമേ ബാങ്കുകളില്‍ തിരിച്ചെത്തൂവെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം.
എന്നാല്‍ ആര്‍. ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം 16,050 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താന്‍ ബാക്കിയുള്ളത്. അതായത് 99 ശതമാനം നോട്ടുകളും തിരിച്ചെത്തി. നോട്ട് അസാധുവാക്കല്‍ നടപടി വന്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍.

എന്നാല്‍ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കു സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാന്‍ ആര്‍.ബി.ഐ തയ്യാറല്ലെന്ന സൂചന നല്‍കുന്നതാണ് 15 മാസത്തിനു ശേഷവും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന വിചിത്ര നിലപാട്.

chandrika: