മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരാണ്.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. നാല്‍പ്പതോളം ഏക്കര്‍ വരുന്ന കോമ്പൗണ്ടിലാണ് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. ഇവിടെ നിരവധി ഓഫീസുകളും ഹോട്ടലുകളും ഫഌറ്റുകളുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മോജോ ബ്രിസ്‌റ്റോ എന്ന റെസ്‌റ്റോറന്റില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം കത്തിച്ചാമ്പലാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വാര്‍ത്താ ചാനലുകളുടേയും മാധ്യമങ്ങളുടേയും പ്രവര്‍ത്തനം തീപിടുത്തത്തെത്തുടര്‍ന്ന് സ്തംഭിച്ചു. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പൂര്‍ണ്ണമായും അണച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.