മ്യുണിച്ച്: യൂറോയില്‍ ഇന്ന് കാത്തിരുന്ന പോരാട്ടം. മരണ ഗ്രൂപ്പിലെ കളികള്‍. ആദ്യ മല്‍സരത്തില്‍ രാത്രി 9-30 ന് കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഇറങ്ങുന്നു-ഹംഗറിക്കെതിരെ. രാത്രി 12-30 നാണ് കേമനങ്കം. മ്യൂണിച്ചിലെ അലിയന്‍സ് അറീനയില്‍ ജര്‍മനിയും ഫ്രാന്‍സും നേര്‍ക്കുനേര്‍. പോര്‍ച്ചുഗലിന് ഹംഗറി വെല്ലുവിളിയാവുമെന്ന് കരുതുന്നില്ല. പക്ഷേ ഹംഗേറിയന്‍ നഗരമായ ബുദാപേസ്റ്റിലെ പുഷ്‌കാസ് അറീനയിലാണ് കളി. ഈ സ്റ്റേഡിയത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ കാണികളെത്തും. സി.ആറിനെ കൂടാതെ ലോകോത്തര നിലവാരമുള്ള നിരവധി താരങ്ങള്‍ ഇത്തവണ പറങ്കി സംഘത്തിലുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാഗോ ജോട്ട, റൂബന്‍ ഡയസ്, ബെര്‍നാര്‍ഡോ സില്‍വ, ജാവോ ഫെലിക്‌സ്, സീനിയര്‍ ഡിഫന്‍ഡര്‍ പെപെ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സംഘത്തെ പിടിച്ചുനിര്‍ത്താന്‍ മാത്രമുള്ള കരുത്ത് ഹംഗേറിയന്‍ സംഘത്തിനില്ല.
സോക്കര്‍ ലോകം കാത്തിരിക്കുന്ന അങ്കം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ളതാണ്. ചാമ്പ്യന്‍ഷിപ്പിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ദീദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. ആദ്യ മല്‍സരത്തില്‍ തന്നെ വിജയം കരസ്ഥമാക്കി പ്രതിയോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നതും. സീനിയര്‍ താരം കരീം ബെന്‍സേമ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരികെ വന്നിരിക്കുന്നു. ഗോള്‍ വേട്ടയില്‍ ഒന്നാമനായ യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേ കരുത്തനാണ്. ഇവര്‍ക്കൊപ്പം തന്നെ മുന്‍നിരയില്‍ അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറോര്‍ഡ് തുടങ്ങിയവരുണ്ട്. മധ്യനിരയും സമ്പന്നമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നക്കാലേ കോണ്ടെ, പോള്‍ പോഗ്ബ, മൂസ സീസോക്കോ, ബ്ലേസേ മറ്റൗഡി തുടങ്ങിയവര്‍. പ്രതിരോധത്തിലും ലോകോത്തരക്കാര്‍. റഫേല്‍ വരാനേ, ബെഞ്ചമിന്‍ പവാദ്, ലുക്കാസ് ഹെര്‍ണാണ്ടസ്, പ്രസ്‌നല്‍ കിംബാപ്പേ, ഫെര്‍ലാന്‍ഡ് മെന്‍ഡി, സാമുവല്‍ ഉമിതി, ബെഞ്ചമിന്‍ മെന്‍ഡി തുടങ്ങിയവര്‍. ഗോള്‍ വലയത്തില്‍ അനുഭവ സമ്പന്നനായ ഹ്യൂഗോ ലോറിസും. ഈ ടീമിനെ തോല്‍പ്പിക്കാന്‍ പ്രാപ്തമാണോ ജര്‍മനി എന്നതാണ് വലിയ ചോദ്യം. ജോക്കി ലോ പരിശീലിപ്പിക്കുന്ന സംഘത്തിലും പക്ഷേ താരപ്രളയമാണ്.
ഗോള്‍വലയത്തില്‍ രാജ്യത്തിനായി 100 മല്‍സരം പിന്നിട്ട മാനുവല്‍ ന്യുയര്‍. പ്രതിരോധത്തില്‍ മാറ്റ്് ഹമല്‍സ്, അന്റോണിയോ റുഡിഗര്‍, മത്തിയാസ് ജിന്‍ഡര്‍ തുടങ്ങിയവര്‍. മധ്യനിരയും താര സമ്പന്നം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്കായി നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത കായ് ഹാവര്‍ട്‌സ്, റയല്‍ മാഡ്രിഡിന്റെ അനുഭവ സമ്പന്നന്‍ ടോണി ക്രൂസ്, സിറ്റിയുടെ ഇകായി ഗുന്‍ഡഗോന്‍, ജമാല്‍ മുസിയാല, ജോഷ്വ കിമ്മിച്ച് തുടങ്ങിയവര്‍. ഗോളടിക്കാന്‍ വെറ്ററന്‍ തോമസ് മുള്ളര്‍ തിരികെ വരുന്നു. ടിമോ വെര്‍നര്‍, ലിറോയ് സാനേ, സെര്‍ജി നാബ്രി തുടങ്ങിയവര്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ നിര തന്നെ അണി നിരക്കുമ്പോള്‍ മല്‍സരം കാണാതിരിക്കരുത്.