ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെയും ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ബാബുലാല്‍ മരിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദയ്പുര്‍ റെയ്ഞ്ച് ഐ.ജി സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ധരാത്രി വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ ആള്‍ക്കൂട്ടം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. അതി ക്രൂര മര്‍ദ്ദനത്തിനിരയായ രണ്ടു പേരെയും പിന്നീട് പൊലീസുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഭില്ലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം അസമില്‍ കാലികളെ മോഷ്ടിക്കാനെത്തിയ ആളെന്ന് സംശയിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുവിന്റെ പേരിലുള്ള ജനക്കൂട്ട കൊലപാതകം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാറുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാജ്യത്ത് ഇത്തരം കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.