സിമി അമീര്‍
2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ബ്ലൂ ഇക്കോണമി’ കരട് രൂപരേഖ പൊതുജന, ശാസ്ത്ര രംഗത്തെ വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ അനുവദിച്ചത് വെറും 15 ദിവസം മാത്രമായിരുന്നു. വിദഗ്ധ അഭിപ്രായങ്ങളോ പൊതുജന നിര്‍ദേശങ്ങളോ സമര്‍പ്പിക്കാന്‍ വേണ്ടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയെങ്കിലും അക്കാര്യത്തില്‍ തീരുമാനമോ അനുകൂല നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഇതിനോട് കൂട്ടിവായിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം സംശയം ജനിപ്പിക്കുക.
ടൂറിസം വികസനം പിന്തുടരാന്‍വേണ്ടി ബ്ലൂ ഇക്കോണമി കരടില്‍ പറയുന്ന ‘പ്രാദേശിക വികസന നയം’ എന്നതിന്റെ മറവില്‍ ഓരോ ദ്വീപുകളായി കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. യുനസ്‌കോ, ഇന്റര്‍ ഗവണ്‍മെന്റല്‍ ഓഷ്യാനോഗ്രാഫിക് കമ്മീഷന്‍ ഗൈഡ്‌ലൈന്‍സ് (2009) പ്രകാരം ഇന്ത്യ ഒരു പ്രാദേശിക വികസന നയം സ്വീകരിക്കണമെന്ന് കരട് രേഖയില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയുടെ ജി.ഡി.പി നാല് ശതമാനം വരെ സംഭാവന ചെയ്യാന്‍ കഴിയുന്ന കടല്‍ സമ്പദ് വ്യവസ്ഥയും സമ്പത്തും കൈകാര്യം ചെയ്യുന്നതിന് ഉന്നതാധികാര സമിതി ഇതുവുരെ രൂപീകരിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. യുനസ്‌കോ ഐ.ഒ.സി ഗൈഡ്‌ലൈന്‍സ് പിന്തുടരുന്ന മറൈന്‍ എക്കോണമിയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങള്‍ പ്രാദേശിക സമൂഹത്തെ ഉള്‍പെടുത്തി ഹോം സ്റ്റേ ടൂറിസം പ്രോല്‍സാഹിപ്പിച്ചും അവരുടെ പ്രാദേശിക വിഭവങ്ങളുടെ വിപണനം പ്രോല്‍സാഹിപ്പിച്ചുമാണ് മുന്നേറുന്നത്.
ലക്ഷദ്വീപില്‍ കാണുന്ന രീതിയനുസരിച്ച് അവിടത്തെ പ്രാദേശിക സമൂഹത്തെ പൂര്‍ണമായും ഒഴിവാക്കി ആ ദ്വീപും അവിടത്തെ ജൈവവൈവിധ്യത്തിന്‍മേലുള്ള അവകാശവും കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയും. പ്രാദേശിക ജനങ്ങളുടേയും സ്വകാര്യ സംരംഭകരുടേയും സര്‍ക്കാരിന്റെയും സഹകരണം ആവശ്യപ്പെടുന്നു എന്ന് ബ്ലൂ എക്കോണമി കരട് രൂപരേഖയില്‍ തന്നെ അംഗീകരിക്കപ്പെടുന്നതിനിടയിലും ഇത് എപ്രകാരം നടപ്പില്‍വരുത്തും എന്നതിന് ഒരു സുതാര്യതയോ, സ്വീകാര്യമായ മാതൃകയോ മുന്നോട്ട്‌വെക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന കടലില്‍ സുലഭമായ കടല്‍ വെള്ളരിയും ബ്ലൂ ഫൈന്‍ ട്യൂണ (ചൂര)യും അവരുടെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നു. കടല്‍ വെള്ളരിക്ക് കിലോഗ്രാമിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ട് ലക്ഷത്തിനുമേല്‍ വില ലഭിക്കുമ്പോഴും അത്തരം ജീവജലങ്ങളുടെ സംരക്ഷണത്തിന് ദ്വീപിലെ പ്രാദേശിക മത്സ്യതൊഴിലാളി സമൂഹം പ്രത്യേകം ശ്രദ്ധ ചെലുത്തിവരുന്നു. സ്വന്തം തീരത്തും അതിനോട് ചേര്‍ന്നുള്ള കടലിലും ഇത്തരം പ്രാദേശിക സമൂഹത്തിനുള്ള അധികാരം ഇല്ലാതാക്കുന്നത്‌വഴി അവിടത്തെ പരിസ്ഥിതിക്ക് മേലുള്ള ആഘാതം വലുതായിരിക്കും. വന്‍കിട കുത്തകകള്‍ക്ക് നമ്മുടെ തീരവും ജൈവവൈവിധ്യവും തീറെഴുതുന്നതിന് തുല്യമായിരിക്കും. യു.എന്നിന്റെ കീഴില്‍ നടക്കുന്ന ബി.ബി.എന്‍. ജെ ട്രീറ്റി ചര്‍ച്ചകളില്‍ തീരുമാനമായാല്‍ ജൈവവൈവിധ്യത്തിന്റെ മേലുള്ള അധികാരവും അതിന്‍മേലുള്ള ആനുകൂല്യങ്ങള്‍ പങ്കിടുന്നതിലും കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും.
അതിന്മുമ്പ് പഠനവിധേയമാക്കപ്പെട്ടതും സ്വന്തമാക്കിയതുമായ ജൈവ വൈവിധ്യങ്ങളിന്‍മേല്‍ ആ തീരുമാനം ബാധകമാകില്ല എന്നിരിക്കേ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ തീരവും അവിടത്തെ സമ്പത്തും കൈകാര്യംചെയ്യുന്നതില്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണം നമ്മുടെ സര്‍ക്കാരും ബന്ധപ്പെട്ട ജൈവ വൈവിധ്യ ബോര്‍ഡും. ഉദാഹരണത്തിന് കടല്‍വെള്ളരിയില്‍ നിന്ന് വികസിപ്പിച്ചെടുക്കുന്ന ഉത്പന്നതിന്‍മേല്‍ ഏതെങ്കിലും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പേറ്റന്റ് എടുക്കാന്‍ സാധിച്ചാല്‍ അതിന്‍മേല്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഒരിക്കലും ഇന്ത്യയുമായി പങ്കുവെക്കപ്പെടില്ല. ലക്ഷദ്വീപിന്‌ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ജൈവവൈവിധ്യത്തിന്റെ വിനിയോഗവും ചൂഷണവും അതിന്‍മേലുള്ള ആനുകൂല്യം പങ്ക്‌വെക്കലുംകൂടി ഉള്‍പെടുത്തേണ്ടതാണ്. പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുമ്പോള്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഈ വിഷയംകൂടി ഉള്‍പെടുത്തണം. കാരണം, കേരളം ലക്ഷദ്വീപുമായി ഏറ്റവും അടുത്ത് കിടക്കുന്നതും കടല്‍ തീരം പങ്ക് വെക്കുന്നതുമായ സംസ്ഥാനമാണ്.