കീവ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. റഷ്യന്‍ സേന കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ പ്രധാന നഗരങ്ങളില്‍ പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനും യൂറോപ്പ് സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
യുദ്ധം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കെ 20 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. റഷ്യന്‍ ബോംബ് വര്‍ഷത്തിന് താഴെ ഭീതിയോടെ കഴിഞ്ഞുകൂടുന്ന യുക്രെയ്‌നികള്‍ക്ക് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൊടും തണുപ്പില്‍ മരണത്തെ മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന അവര്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമമുണ്ട്. കൈവശമുള്ളതെല്ലാം തീര്‍ന്നു തുടങ്ങിയതായി യുക്രെയ്‌നികള്‍ പറയുന്നു.
റഷ്യന്‍ സേന വളഞ്ഞിരിക്കുന്ന മരിയുപോളില്‍ നാല് ലക്ഷത്തോളം പേരാണ് ഷെല്‍ വര്‍ഷങ്ങള്‍ക്കിടെ ഭീതിയോടെ കഴിയുന്നത്. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും മിസൈലാക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. മരുന്നുകള്‍ തീര്‍ന്ന് ഫാര്‍മസികള്‍ ശൂന്യമാണ്. മൊബൈല്‍ ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും മേഖലകളില്‍ ആറര ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് പ്രകൃതി വാതകവും കിട്ടുന്നില്ല.
യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ കണക്കു പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം സിവിലിയന്‍ ഭാഗത്ത് 1335 ആളപായമുണ്ടായിട്ടുണ്ട്. 860ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ സൈനിക താവളങ്ങളെയാണ് ആക്രമിക്കുന്നതെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 202 സ്‌കൂളുകളും 34 ആശുപത്രികളും 1500ലേറെ വീടുകളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് അറിയിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ 16 ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചിട്ടുണ്ട്.