X

കുവൈത്ത് തീപിടിത്തത്തില്‍ 49 മരണം; മരണ സംഖ്യ ഉയരാന്‍ സാധ്യത

കുവൈത്തിലെ മംഗെഫില്‍ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 49 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 40ല്‍ ഏറെപ്പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ കൂടുതലും മലയാളികളാണെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും മരണപ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്‍ബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഫ്‌ലാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയാണ്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഷ് ഫഹദ് അല്‍ യൂസഫ് അല്‍ സബ പൊലീസിന് നിര്‍ദേശം നല്‍കിയതായി കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

webdesk13: