ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൈക്കിന് ഹൗളിങ് ഉണ്ടയതിന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംബ്ലിഫയറുമാണ്. ഇത്രയും വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ല. എത്രയോ പരിപാടികളില്‍ മൈക്കിന് ഹൗളിങ് ഉണ്ടായിട്ടുണ്ട്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? മുഖ്യമന്ത്രിയുടെ അറിവോടെയല്ല കേസെടുത്തതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലൊരു അബദ്ധം കാട്ടുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കുറേപ്പേര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ഭരിക്കുന്നത്. കേസെടുക്കല്‍ അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ മൈക്കിനും ആംബ്ലിഫയറിനും എതിരെ കേസെടുത്തത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് അവരോട് പറയാനുള്ളത്. എന്തൊരു ചിരിപ്പിക്കലാണ് ഇവര്‍ ചെയ്യുന്നത്? എന്തൊക്കെ വിഡ്ഢി വേഷമാണ് ഇവര്‍ കെട്ടുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്? അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ലെന്നതില്‍ സങ്കടമുണ്ട്. വെളിവും സമനിലയും നഷ്ടപ്പെട്ട ചില ആളുകള്‍ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൈക്കിനും ആംബ്ലിഫയറിനും എതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്രത്തോളം അപഹാസ്യമാക്കുന്ന ആളുകളാണ് അവിടെ ഇരിക്കുന്നത്. വേണമെങ്കില്‍ മൈക്കിന് എന്താണ് പറ്റിയതെന്ന് കണ്ടെത്താന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാവുന്നതാണ്. എന്നിട്ട് ചൈനയിലും കൊറിയയിലുമൊക്കെ അന്വേഷണം നടത്തണം. മാവോ സെ തുങിന്റെ കാലത്ത് കുരുവികള്‍ വിള നശിപ്പിക്കുന്നതിനാല്‍ എല്ലാ കുരുവികളെയും കൊല്ലാന്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് കുരുവികളെ പിടികൂടി വറചട്ടിയില്‍ വച്ച് വറുത്ത് കൊന്നു. പിന്നീട് ആരും ചിരിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടു. മാവോയുടെ കാലത്ത് ചൈനയിലും കൊറിയയിലുമൊക്കെ നടന്ന കാര്യങ്ങളുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. ഹാളില്‍ ഇരുന്ന് ചിരിക്കാന്‍ പാടില്ലെന്ന് അവിടെ തീരുമാനിച്ചതു പോലെയാണ് ഇവിടെ ഹാളില്‍ കറുത്ത മാസ്‌ക് വയ്ക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചത്. ഇതുപോലെ ആളുകളെ ചിരിപ്പിക്കുന്ന വിചിത്ര നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏതോ സിനിമയില്‍ ചോദിച്ചത് പോലെ ഇനി ചൂടുവെള്ളത്തില്‍ കുളിക്കാമോ? നാളെ എന്തെല്ലാം നിബന്ധനകള്‍ നമ്മുടെ ജീവിതത്തില്‍ വരുമെന്ന് അറിയില്ല അദ്ദേഹം ചോദിച്ചു.
എല്ലാവരും ചേര്‍ന്ന് കൂടിയാലോചിച്ചാണ് അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. അദ്ദേഹം പ്രസംഗിച്ച് മടങ്ങിപ്പോകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നവര്‍ പറയുന്നത് കേട്ട് വിഡ്ഢി വേഷം കെട്ടാന്‍ ഇറങ്ങരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്. പൊലീസുകാരെ കാണുമ്പോള്‍ ആളുകള്‍ ചിരിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കരുത്. മൈക്കിന് ഹൗളിങ് വന്നതിന് എന്ത് സുരക്ഷാ പരിശോധനയാണ് നടത്തുന്നത്?
എ.കെ ബാലന്‍ എപ്പോഴും ചിരിപ്പിക്കുന്ന ആളാണ്. ഇവരെല്ലാം നര്‍മ്മ ബോധമുള്ള ഹാസ്യസാമ്രാട്ടുകളായി മാറിയിരിക്കുകയാണ്. ഇനി ഇവരെ കാണുമ്പോള്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങു. കറുപ്പിനോട് ഒരു പ്രശ്നം വന്നതു പോലെ ഇവര്‍ക്ക് മൈക്കിനോടും എന്തോ പ്രശ്നമുണ്ട്. ഓരോ മാസവും ഇത് മാറിക്കൊണ്ടിരിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.