ജിത കെ.പി
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ട്രഷറി നിയന്ത്രണം തുടരുമ്പോഴും സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കേരളം സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് യാതൊരു കുറവുമില്ല.ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ഉള്‍പ്പെടെ പോലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കായി 12.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പൊലിസ് സ്റ്റേഷനുകള്‍ക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോയിക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 1,87,01,820 രൂപ അനുവദിച്ചു. അതേ വിഭാഗത്തിലെ വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുമുണ്ട്. എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പല ദിവസങ്ങളിലായി കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചും, എന്‍ജിന്‍ തകരാറുകളിലുമായി നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ ഗതാഗത സൗകര്യത്തിന് ആവശ്യമായ സംരക്ഷണം നല്‍കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യത്തെ വികസനം എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കാന്‍ കഴിയുക?
പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗതെത്തിയത് അത്ഭുതപെടുത്തുന്ന മറുപടിയുമായാണ് . സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി . സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.