ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ബരാബങ്കി സ്വദേശിയായ പതിനാലുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
ഫതേഹ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഷെയ്ഖ്പുര്‍ ഗ്രാമത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. രാത്രി പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് പ്രതികള്‍ ഇപ്പോഴും തനിക്കും കുടുംബത്തിനും നേരെ ഉപദ്രവങ്ങള്‍ തുടരുകയാണെന്നും എന്നാല്‍ പൊലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുന്നു. സംഭവത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പിതാവ്.
അതേസമയം, സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും അച്ഛനെയും കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന പെണ്‍കുട്ടിയും കുടുംബവും വീടും നാടുമെല്ലാം വിട്ട് ലഖ്‌നൗവില്‍ അഭയം തേടിയിരിക്കുകയാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടിയും സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ താനും മകളും നിയമസഭയ്ക്ക് മുന്നിലെത്തി സ്വയം തീകൊളുത്തുമെന്നും പിതാവ് ആത്മഹത്യാ ഭീഷണി മുഴക്കി.