മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. താനെയിലെ ബദല്‍പൂര്‍ പ്രദേശത്ത് ഉല്‍ഹാസ് നദിയിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.
ചംടോളിയിലെ പൊഡ്ഡാര്‍ ഗ്രൂഹ് കോംപ്ലക്‌സ് നിവാസികളായ ആര്യന്‍ മേദര്‍ (15), ഓം സിങ് തോമര്‍ (15), സിദ്ധാര്‍ഥ് സിങ് (16), ആര്യന്‍ സിങ് (16) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബദല്‍പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്സവ സമയങ്ങളില്‍ നദികള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.