X
    Categories: indiaNews

14 സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത് 5000 ല്‍ താഴെ കോവിഡ് ബാധിതര്‍; ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍

ഡല്‍ഹി: രാജ്യത്തെ 14 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുളള കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍. മറ്റ് 18 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുളളവര്‍ 5000നും 50000നും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണസംഖ്യ. കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കാഡില്ലയും ഭാരത് ബയോടെകും വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ നടപടികളുമായി കമ്പനികള്‍ മുന്നോട്ടുപോകുകയാണെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ ബി ത്രീ ട്രയലാണ് പൂര്‍ത്തിയായത്. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും. പതിനാല് കേന്ദ്രങ്ങളിലായി 1500 രോഗികളിലാണ് പരീക്ഷിക്കുക. ഇതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

 

Test User: