ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നും അധികാരം തിരിച്ചു പിടിച്ചതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാവും എന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ ഒന്നര പതിറ്റാണ്ടായി പാര്‍ട്ടിക്ക് ബാലികേറാമലയായി നില്‍ക്കുന്ന 14 മണ്ഡലങ്ങളില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാനാവുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ഒരു പോലെ ഉറ്റു നോക്കുന്നത്.
2014ല്‍ സംസ്ഥാനത്തെ ആകെയുള്ള 29 സീറ്റുകളില്‍ 27 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണ, നിലവിലെ മുഖ്യമന്ത്രി കമല്‍നാഥിന്റെ ചിന്ദ്‌വാഡ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2002 മുതല്‍ ഗുണയെ പ്രതിനിധീകരിക്കുന്ന എം.പിയാണ് ജ്യോതിരാദിത്യ സിന്ധ്യ. 1997ല്‍ ഒഴികെ 1980 മുതല്‍ ചിന്ദ്‌വാഡയില്‍ നിന്നും 10 തവണയാണ് കമല്‍നാഥ് ലോക്‌സഭയിലെത്തിയത്. അതേ സമയം ഭോപാല്‍, ഇന്‍ഡോര്‍, വിധിഷ, മൊറീന, ഭിന്ദ്, സാഗര്‍, തികാംഗഡ്, ദമോഹ്, ഖജുഫരാഹോ, സത്‌ന, ജബല്‍പൂര്‍, ബാലഘട്ട്, ബെതുല്‍, രേവ എന്നീ സീറ്റുകളില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല.
2009ല്‍ രേവയില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി ദിയോരാജ് സിങ് പട്ടേല്‍ വിജയിച്ചതൊഴിച്ചാല്‍ ഈ മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് തുടര്‍ വിജയങ്ങള്‍ കരസ്ഥമാക്കിയത്. ഒമ്പത് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ശക്തി ദുര്‍ഗം എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭോപാല്‍, ഇന്‍ഡോര്‍, വിദിഷ, ബിന്ദ്, ദമോഹ ഈ മണ്ഡലങ്ങളില്‍ 1989ന് ശേഷവും മൊറീന, സാഗര്‍, ജബല്‍പൂര്‍, ബെതുല്‍ എന്നീ മണ്ഡലങ്ങളില്‍ 1996നു ശേഷവും ബി.ജെ.പി ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ല.
ഇത്തവണ ഈ 14 മണ്ഡലങ്ങളേയും വളരെ ഗൗരവത്തോടൊയാണ് കോണ്‍ഗ്രസ് കാണുന്നതെന്നും ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനെ ഭോപാലില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി അറിയിച്ചു. മോദിക്കും സിറ്റിങ് എം.പിമാര്‍ക്കുമെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതിന് പുറമെ കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതുള്‍പ്പെടെ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളെ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഗുണയിലും ചിന്ദ്‌വാഡയിലുമടക്കം ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സംസ്ഥാനത്ത് ക്ലീന്‍ സ്വീപ്പാണ് പാര്‍ട്ടി നടത്തുകയെന്നാണ് ബി.ജെ.പി വക്താവ് ദീപക് വിജയ് വര്‍ഗീയ പറയുന്നത്.