ഇന്ന് സെപ്തംബര്‍ അഞ്ച്. ഹിന്ദുത്വ ഫാസിസം ഗൗരി ലങ്കേഷ് എന്ന ധീരയായ വിമര്‍ശകയെ ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷം. അടിത്തട്ട് മുതല്‍ അധികാര സ്ഥാപനങ്ങള്‍ വരെ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ ഇക്കാലത്ത്, ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ വിവരിച്ച ഫാസിസത്തിന്റെ ലക്ഷണ ശാസ്ത്രം വായിക്കാം. 1995-ല്‍ ‘ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സി’ന്റെ ഫാസിസം സംബന്ധിയായ പുസ്തകത്തെക്കുറിച്ചെഴുതിയ കുറിപ്പില്‍ ഫാസിസത്തിന്റെ 14 ലക്ഷണങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ടിലേറെ പതിറ്റാണ്ടു മുമ്പുള്ള അദ്ദേഹത്തിന്റെ ഈ കുറിപ്പ്, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥകള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണല്ലോ എന്ന് അത്ഭുതത്തോടെ നാം തിരിച്ചറിയും.
പരിഭാഷ, സംഗ്രഹം: ബച്ചൂ മാഹി
ഫാസിസത്തിൻറെ ലക്ഷണശാസ്ത്രം
[ഉംബർടോ എക്കോ]
1. പാരമ്പര്യവാദം: എല്ലാ അറിവുകളും പാരമ്പര്യസിദ്ധമാണ്; പുതിയ കണ്ടെത്തലുകൾ അപ്രസക്തം.
2. ആധുനികതാ നിരാസം:
ആധുനിക ശാസ്ത്ര നേട്ടങ്ങളെ ഉപയോഗിക്കുമ്പോഴും അതിനെ പ്രതിസ്ഥാനത്ത് നിറുത്തുകയോ പൂർവ്വകാലത്തിൻറെ അനുകരണമെന്ന് കുറച്ചുകാട്ടുകയോ ചെയ്യുക.
3. യുക്തിനിരാസത്തിലൂന്നിയ ആചാരാനുഷ്ഠാനബദ്ധത:
“ആചാരങ്ങൾക്ക് അവയുടെതായ മൂല്യമുണ്ട്. യുക്തിയൊന്നും പരിഗണിക്കാതെ അവ കൊണ്ടാടപ്പെടണം.”
ബൗദ്ധികതയോടുള്ള അവിശ്വാസം, ആധുനിക സംസ്‌കൃതിയോടുള്ള പുച്ഛം, സ്വതന്ത്രചിന്തയോടുള്ള അസഹിഷ്ണുത ഇവ, നയപരിപാടികളിൽ പ്രധാനമാണ്.
4. “വിയോജിപ്പ് രാജ്യദ്രോഹമാണ്”:
ഫാഷിസം ബൗദ്ധിക സംവാദങ്ങളെയും വിമർശനാത്മക അപഗ്രഥനങ്ങളെയുമൊക്കെ നിരാകരിക്കുന്നു. അത്തരം വിശകലനങ്ങൾ, ഏകശിലാത്മകമായി തങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്ക്കാരത്തിൻറെ വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടും എന്ന ഭീതി കൂടിയാണ് കാര്യം.
5. ബഹുസ്വരതയെ തച്ചുടയ്ക്കുക. “വൈജാത്യങ്ങളോടുള്ള ഭയം” മുതലെടുത്ത് വംശീയതയായും വിദേശികൾക്കും കുടിയേറ്റക്കാർക്കും എതിരായ രോഷമായും ആളിക്കത്തിക്കുക.
6. സാമൂഹ്യശ്രേണിയിൽ താഴേക്കിടയിലുള്ള വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളെ അട്ടിമറിക്കാൻ അസംതൃപ്ത മധ്യവർഗത്തെ ഇളക്കി വിടുക.
7. ഗൂഢാലോചനാ സിദ്ധാന്തങ്ങളോടുള്ള ഭ്രമവും ശത്രുഭീതി പർവ്വതീകരിക്കലും: അന്യദേശഭീതി പരത്തുക; പാർശ്വവത്കൃത വിഭാഗങ്ങളുടെ മേൽ അവിശ്വാസത്തിൻറെ കരിനിഴൽ വീഴ്ത്തുക, അവർ വിധ്വംസകവൃത്തിയിൽ ഏർപ്പെടുമെന്ന ഭയപ്പാട് സൃഷ്ടിക്കുക
8. അപരസ്ഥാനത്ത് നിറുത്തുന്ന സമൂഹങ്ങളെ “ഒരേസമയം അതിപ്രബലരും അതീവ ദുർബലരു”മായി ചിത്രീകരിക്കുക. ഒരുവശത്ത് അവർ അധികാരങ്ങളും സമ്പത്തും കയ്യടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ അണികളിൽ അസംതൃപ്തിയും അപമാനബോധവും സൃഷ്ടിക്കുക. മറുവശത്ത്, തങ്ങളുടെ സ്ഥൈര്യത്തിന് മുന്നിൽ ആത്യന്തികമായി അവർ മുട്ടുകുത്തും എന്ന് ശത്രുത പൊലിപ്പിച്ചു നിർത്തുക. .
9.”സമാധാനവാദം എന്നാൽ ശത്രുവുമായി ഒത്തുകളിക്കുക എന്നതാണ്”:
ജീവിതം സ്ഥിരം യുദ്ധക്കളമാണ്. എപ്പോഴും പോരാടാൻ ഒരു ശത്രു വേണം.
10. വരേണ്യതയെ ഉയർത്തിപ്പിടിക്കൽ, ദുർബല വിഭാഗങ്ങളോട് അവജ്ഞ: തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്‌ഠരാണെന്ന അബോധം നിരന്തരം പ്രസരിപ്പിക്കുക.
11. ഓരോരുത്തരെയും വീരന്മാരാകാൻ പ്രോത്സാഹിപ്പിക്കുക വഴി പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത കൂട്ടത്തെ സൃഷ്‌ടിക്കുക. തൻ്റെ ഉറപ്പായ ‘ആത്മബലി’യിലേക്കുള്ള പ്രയാണത്തിൽ അവൻ അനേകം പേരെ കൊന്നൊടുക്കാൻ മടിക്കില്ല.
12. പൗരുഷത്തെ ഉയർത്തിപ്പിടിക്കുക. ഉദാത്തീകരിക്കുന്ന പോരാട്ടങ്ങളും വീരത്വവുമൊക്കെ പുരുഷകേന്ദ്രീകൃതമാണ്. സ്ത്രീകളോടുള്ള പുച്ഛവും സ്വവർഗ്ഗരതി പോലെയുള്ള അസാമ്പ്രദായിക ലൈംഗികതകളോടുള്ള അസഹിഷ്ണുതയും മുഖമുദ്രയാക്കുക.
13 . പരിമിതപ്പെടുത്തപ്പെട്ട ജനാഭിലാഷം:
ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരി എന്നതിന് പകരം ഒരു സ്വേച്ഛാധിപതിയുടെ താല്പര്യം ജനങ്ങളുടെ പൊതു ഇഷ്ടമാക്കിയെടുക്കുന്ന രസതന്ത്രം. യഥാർത്ഥ ജനശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദത്തോടെ ഫാഷിസ്റ്റുകൾ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് അങ്ങനെയാണ്.
14 . “ന്യൂസ്പീക്”:
സ്വന്തമായ ഒരു പദാവലി ആവിഷ്ക്കരിച്ച് പ്രചാരത്തിൽ ആക്കിയെടുക്കുക. വിമർശനാത്മക വായനകളെ പരിമിതപ്പെടുത്തുന്നതിനോടൊപ്പം അസത്യങ്ങളും അർദ്ധ സത്യങ്ങളും ഉപയോഗിച്ചുള്ള പ്രചാരവേലകളും മുറപോലെ.
ആധാരം: Ur-fascism, Essay by Umberto Eco
Courtesy: The New York Review of Books