മുബൈ; വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തില്‍ 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്കു തകര്‍ന്നു വീണാണ് അപകടമുണ്ടായത്.120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.
നിയമവിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റന്‍ ഹോര്‍ഡിങ് അപകടഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.