X

ഈ പിഴവുകള്‍ക്ക് തിരുത്ത് അനിവാര്യമാണ്

ഭരണവിരുദ്ധ തരംഗം ജനവിധിയുടെ ചാലകശക്തിയായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം ഭരണപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിയും വന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം കേവലം സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ രൂപംകൊണ്ട ഭരണവിരുദ്ധ തരംഗം എന്നതില്‍ ചുരുക്കിക്കെട്ടാവുന്നതല്ല. 403 അംഗ നിയമസഭയില്‍ 325 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ഹിന്ദി ഹൃദയഭൂമിയില്‍ 14 വര്‍ഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് യു.പി ജനവധിയെ നേരിട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെതന്നെ യു.പി നിയമസഭ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി തുടങ്ങിയിരുന്നു. ബൂത്ത് തലങ്ങളില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന കേഡര്‍ പ്രവര്‍ത്തകരുടെ പ്രത്യേക നിര സജ്ജമാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും ഓം മാഥൂര്‍, കേശവ് പ്രസാദ് മൗര്യ, സുനില്‍ ബന്‍സാല്‍ എന്നിവരടങ്ങുന്ന നേതാക്കളെ ഉപയോഗിച്ച് ആ സംവിധാനത്തെ കൃത്യമായി ചലിപ്പിക്കുന്നതിലും അമിത് ഷാ വിജയം കണ്ടു. ഈ മെഷിനറിക്ക് ആവശ്യമായ ചേരുവകള്‍ വിവാദങ്ങളായും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളായും പടുകൂറ്റന്‍ റാലികളായും യഥാസമയത്ത് എത്തിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം ചെയ്തത്.
ബി.ജെ.പിക്കു സമാനമായി പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചും റോഡ് ഷോകള്‍ നടത്തിയുമാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഉപരിപ്ലവമായ പ്രകടനങ്ങള്‍ മാത്രമായിരുന്നു അതെല്ലാം.
ഒരു പക്ഷത്ത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ബി.ജെ.പി സമര്‍ത്ഥമായി സാധ്യമാക്കിയപ്പോള്‍ മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി, ബി.എസ്.പി എന്നിവക്കുമിടയില്‍ ചിതറിപ്പോവുകയായിരുന്നു. ആര്‍.എല്‍.ഡി, ഇടതുപക്ഷം തുടങ്ങിയ സ്വാധീന ഘടകങ്ങളല്ലാത്ത കക്ഷികള്‍പോലും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചു. നോട്ടു നിരോധനത്തിന്റെ കെടുതികളും സാമ്പത്തികരംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനോ സമാന ചിന്താഗതിയുള്ള മറ്റു പാര്‍ട്ടികള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. നോട്ടു നിരോധനത്തെ മിന്നലാക്രമണമായി ചിത്രീകരിക്കുക കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളും സമര്‍ത്ഥമായി മറച്ചുവെക്കുകയായിരുന്നു മോദി.
ഭരണവിരുദ്ധ തരംഗം, തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ്്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട ആഭ്യന്തര കലഹം, അവസാന നിമിഷം ഏച്ചുകെട്ടിയുണ്ടാക്കിയ എസ്.പി- കോണ്‍ഗ്രസ് സഖ്യം എന്നിവയെല്ലാം ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണയില്‍ നേരിയ ഇടിവ് വന്നു എന്നതു മാത്രമാണ് മതേതര കക്ഷികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റ മുസ്്‌ലിമിനു പോലും ടിക്കറ്റ് നല്‍കാതെ, തുടക്കത്തില്‍തന്നെ ഭൂരിപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കുകയെന്ന തന്ത്രം ബി.ജെ.പി പുറത്തെടുത്തിരുന്നു. ശ്മശാനവും ഖബറിസ്ഥാനും റമസാനും ദീപാവലിയും പ്രസംഗങ്ങളില്‍ കൊണ്ടുവരികവഴി പ്രധാനമന്ത്രിയെപ്പോലും വര്‍ഗീയ പ്രചാരണത്തിന്റെ വാഹകനാക്കി മാറ്റുകയായിരുന്നു ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഇതര കക്ഷികള്‍ പ്രചാരണമായുധമാക്കിയതിലൂടെ മറുപക്ഷത്ത് സ്വാഭാവികമായുണ്ടാകുന്ന ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണം തന്നെയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം പയറ്റിയ ഡിവൈഡ് ആന്റ് റൂള്‍ നയം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അത് തിരിച്ചറിയുന്നതിലും വര്‍ഗീയ വിഷയങ്ങള്‍ വിട്ട് മോദി സര്‍ക്കാറിന്റെ ഭരണപരാജയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തതാണ് യു.പിയില്‍ ബി.ജെ.പിക്ക് അനായാസ വിജയം ഒരുക്കിക്കൊടുത്തത്. തീവ്ര ഹിന്ദുത്വവും വര്‍ഗീയതയും ബി.ജെ.പി വച്ചുനീട്ടുന്ന ചൂണ്ടയാണ്. ഏക സിവില്‍കോഡും മുത്തലാഖും അയോധ്യയും തുടങ്ങി മുസഫര്‍നഗര്‍ വരെ എല്ലാറ്റിനേയും അവര്‍ അതിനുള്ള ആയുധമാക്കുകയായിരുന്നു. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം.
അമരീന്ദര്‍സിങ് എന്ന നായകന്റെ ചുമലിലേറിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ സംസ്ഥാനത്ത് എസ്.എ.ഡി-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ചിത്രങ്ങളില്‍ നിന്ന് മാഞ്ഞിരുന്നു. എ.എ.പി-കോണ്‍ഗ്രസ് പോരാട്ടമാണ് പഞ്ചാബില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. ഡല്‍ഹിക്കു പുറത്ത് ആദ്യ ആം ആദ്മി സര്‍ക്കാര്‍ പിറവിയെടുക്കുമെന്ന തരത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നെങ്കിലും ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങും സംഘവും കൈവരിച്ചത്. ഭരണവിരുദ്ധ തരംഗത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ ചക്കളത്തിപ്പോരും ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിന് ചരമഗീതമായത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സഞ്ചാരം മാത്രം പരിശോധിച്ചാല്‍ മതി, കോണ്‍ഗ്രസിന്റെ പരാജയ കാരണമറിയാന്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കുന്നതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലും ബി.ജെ.പി നടത്തിയ ചരടുവലികള്‍ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത്തരമൊരു ചരടുവലിക്ക് കളമൊരുക്കാന്‍ പാകത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം പാകപ്പെട്ടുപോയതിന്റെ കാരണം ആ പാര്‍ട്ടി പുനഃപ്പരിശോധിക്കേണ്ടതുണ്ട്. തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണെങ്കിലും വഴിവിട്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരത്തിലേക്കുള്ള വഴി തേടുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നാലു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അമിത് ഷായുടെവാക്കുകള്‍ ഈ ദിശയിലേക്കുള്ള ഒളിയമ്പായി വേണം കാണാന്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ അടുത്ത ഉന്നം. അതിനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ക്ക് അവര്‍ പണിപ്പുരയില്‍ മൂര്‍ച്ച കൂട്ടിതുടങ്ങിയിട്ടുണ്ട്. മതേതര ഇന്ത്യയുടെ നിലനില്‍പ്പ് എന്ന വിശാല കാഴ്ചപ്പാടോടെ, സമാനമനസ്‌കരായ പാര്‍ട്ടികളെയല്ലാം കൂട്ടിയോജിപ്പിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തും വിശാലമായ ഒരു കുടക്കുകീഴില്‍ അണി നിരത്തിയെങ്കില്‍ മാത്രമേ മോദി ഭീഷണിയെ മറികടക്കാനാകൂ. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴും ഈ ദിശയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയൂ. അതവര്‍ പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

chandrika: