2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരില്‍ മേയ് 10 ന് നിലമ്പൂരില്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. സമരം നയിക്കുന്ന ബിന്ദു വൈലാശേരി, അമ്മിണി എന്നിവര്‍ നിരാഹാരസമരം തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വനാവകാശ നിയമമനുസരിച്ചുള്ള ഭൂമി, ഭൂരഹിതരായ തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും ഏറ്റവും ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കണമെന്നതാണ് സമരം നടത്തുന്നവരുടെ ആവശ്യം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 275.13 ഏക്കര്‍ ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് ആദിവാസികള്‍ക്ക് കൈമാറാനായി നല്‍കിയിട്ടുണ്ട്. ഇതു വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച 626 അപേക്ഷകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇത്രയും പേര്‍ക്കു ഒരേക്കര്‍ വീതം ഭൂമി നല്‍കാൻ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പകരം 10 മുതല്‍ 20 സെന്‍റ് വരെ ഭൂമി നല്‍കാമെന്നാണ് വാഗ്ദാനം. സബ്കളക്ടറും ഡെപ്യൂട്ടി കളക്ടറും നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. കളക്ടര്‍ നേരിട്ട് വരണമെന്ന കാര്യത്തില്‍ ആദിവാസികള്‍ ഉറച്ചു നിന്നു. സമരം വിജയം കാണാതെ പോകുന്നത് സമരം നടത്തുന്നവര്‍ ആദിവാസികള്‍ ആയതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമാണ്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സമരം അവസാനിപ്പിക്കുന്നതിനു വേണ്ട ചര്‍ച്ച നടത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.