ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായതോടെ രാജ്യത്തെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍. രാജ്യത്താകമാനം 17 ലക്ഷം കോടി രൂപയുടെ നോട്ടുകളാണുള്ളത്. ഇതില്‍ 80 ശതമാനം തിരിച്ചെടുക്കണമെന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം. കൃത്യമാര്‍ന്ന രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും നോട്ടുകള്‍ പുതുക്കി നല്‍കുക.
അസാധുവാക്കിയ നോട്ടുകള്‍ തിരിച്ചെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍. എന്നാല്‍ ഇടപാടുകള്‍ സാധാരണ രീതിയിലാകുന്നതിന് കാലതാമസം നേരിടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2000 രൂപയുടെ നോട്ടുകള്‍ എത്തുന്നതു വരെ 100 രൂപയുടെ നോട്ടുകളാണ് എടിഎമ്മുകളില്‍ നിന്ന് ലഭ്യമാകുക.