ജോസഫ് എം. പുതുശ്ശേരി
സത്യപ്രതിജ്ഞാവാചകത്തില്‍ ‘മുഖ്യമന്ത്രി’ എന്ന പദം ചൊല്ലിയാണ് പിണറായി വിജയന്‍ ഇത്തവണ അധികാരമേറ്റത്. ഭരണഘടനയിലെ മൂന്നാം ഷെഡ്യൂളിലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും ജഡ്ജിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലാനുള്ള മാതൃകയുള്ളത്. ഇതില്‍ മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക മാതൃകയില്ല. അതിനാല്‍ ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിമാരും മന്ത്രി എന്ന നിലയിലാണ് സത്യപ്രതിജ്ഞ ചൊല്ലാറുള്ളത്. 2016 ല്‍ പിണറായി വിജയന്‍ അടക്കം ഇതുവരെയുള്ള മുഴുവന്‍ മുഖ്യമന്ത്രിമാരും അധികാരമേറ്റത് ഈ സത്യവാചകം ചൊല്ലിയായിരുന്നു. നിയമവകുപ്പുമായും രാജ്ഭവനുമായും ആലോചിച്ച് മന്ത്രി എന്നതിനുപകരം ‘മുഖ്യമന്ത്രി’ എന്ന് ഉള്‍പ്പെടുത്തി സത്യവാചകം തയ്യാറാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചരിത്രം സ്വയം പിറവിയെടുത്തതോ സൃഷ്ടിക്കപ്പെട്ടതോ എന്ന സത്യാന്വേഷണം മാത്രം ബാക്കി.
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഏറെയെന്നത് കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. പക്ഷേ അത് ചരിത്രമാവുന്നില്ല. 57 ല്‍ എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നല്ലോ. മന്ത്രിസഭയുടെ ‘യുവത്വം’ വാനോളം വാഴ്ത്തിപാടുന്നുണ്ടെങ്കിലും ആ പ്രകമ്പനത്തിനൊത്തതല്ല വസ്തുത. 2016 ലെ പിണറായി മന്ത്രിസഭയേക്കാള്‍ യുവത്വം അവകാശപ്പെടാം. 16 ല്‍ ശരാശരി പ്രായം 62 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 59 ആണ്. 2004 ലേയും 2011 ലേയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ശരാശരി പ്രായം 59 തന്നെയായിരുന്നു. 2006 ലെ വി.എസ് മന്ത്രിസഭയുടേത് 57 ഉം 2001 ലെ ആന്റണി മന്ത്രിസഭയുടേത് 56 ഉം ആയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അപ്പോള്‍ ‘യുവത്വം’ ബോധപൂര്‍വം കെട്ടി ഉയര്‍ത്തുന്ന ഭാവനാസൃഷ്ടി മാത്രം.
കെ. രാധാകൃഷ്ണന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി എന്ന് വിശേഷിപ്പിച്ചു ‘ചരിത്രം കുറിക്കാന്‍’ ശ്രമം ഉണ്ടായെങ്കിലും വെള്ള ഈച്ചരനും കെ.കെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും എം.കെ കൃഷ്ണനും നേരത്തെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുത പ്രകാശിതമായതോടെ ആ ‘ചരിത്ര വിക്ഷേപണം’ അലസി. ഇതിനെല്ലാമുപരി കോടതി കയറിയ ചരിത്രവും ഈ സത്യപ്രതിജ്ഞാചടങ്ങിനു സ്വന്തം. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി.
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ചടങ്ങ് നടത്തണമെന്ന് ഹൈക്കോടതിക്കു നിര്‍ദ്ദേശിക്കേണ്ടിയുംവന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കുവേണ്ടി നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. ചടങ്ങ് നടത്തുന്നത് സ്റ്റേഡിയത്തില്‍ ആയതിനാല്‍ അകലം പാലിക്കാന്‍ ആകുമെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ കോവിഡ് പരിശോധനയും തുറസ്സായ സ്ഥലവും വലിയ ഹാളുമുണ്ടെങ്കില്‍ വിവാഹചടങ്ങില്‍ 500 പേരെ അനുവദിക്കുമോ? സമാനമായ മരണാനന്തര ചടങ്ങിലും ആളെക്കൂട്ടാന്‍ അനുവദിക്കുമോ?
വീട്ടിലിരുന്ന് വീക്ഷിച്ചാലും സത്യപ്രതിജ്ഞ ചടങ്ങിന്റെ അന്തസ്സ് കെടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തേക്കാള്‍ കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇതില്‍ കുറവ് എണ്ണം അനുവദിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞക്കായി തയ്യാറാക്കിയ വിശാലമായ പന്തല്‍ ഇന്ന് കോവിഡ് വാക്‌സിനേഷന്‍ സെന്ററാണ്. ഡോക്ടര്‍ എസ്.എസ് ലാല്‍ ആണ് ആദ്യമായി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിലവിലുണ്ടായിരുന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സ്ഥലപരിമിതിമൂലം സാമൂഹിക അകലം പാലിക്കാനാവാതെ തിക്കിത്തിരക്കുന്ന അവസ്ഥയില്‍നിന്ന് ഒരു മോചനം. പന്തലിന് ആ നിലയില്‍ രൂപാന്തരം സംഭവിക്കുമ്പോള്‍ അതും ചരിത്രം. നേരിട്ട് പന്തലില്‍ പ്രവേശനം ഇല്ലാതെ തല്‍സമയ സംപ്രേക്ഷണത്തെയും പി.ആര്‍. ഡിയുടെ ദൃശ്യങ്ങളേയും വിവരങ്ങളെയും ആശ്രയിച്ച് മാധ്യമങ്ങള്‍ക്ക് സത്യപ്രതിജ്ഞാചടങ്ങിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവന്നതും ഇതാദ്യം. ജനാധിപത്യക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റായ പ്രസിന് എവിടെയും കയറി ചെല്ലാനുള്ള പ്രിവിലേജ് വേണ്ടെന്നുവെ ക്കുന്ന അപൂര്‍വ സന്ദര്‍ഭം. കോവിഡ് നിയന്ത്രണത്തില്‍ അവര്‍ സ്വയം പാലിക്കുകകൂടി ചെയ്യുന്ന സംയമനം. അതും ചരിത്രം.
ഇതൊക്കെ മന്ത്രിസഭാസത്യപ്രതിജ്ഞയെ ചുറ്റിപ്പറ്റി ഉള്ളതാണെങ്കില്‍ മന്ത്രിമാരുടെ സെലക്ഷനുമായി ബന്ധപ്പെട്ടാണ് ചരിത്ര വിവാദമുണ്ടായത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച കെ.കെ ശൈലജ യെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതായിരുന്നു വിവാദത്തിന് അടിസ്ഥാനം. ഇടതുപക്ഷ സഹയാത്രികരും സിനിമക്കാരും സമൂഹത്തിലെ വിവിധ ഇടങ്ങളിലെ പ്രമുഖരുമൊക്കെ പ്രതിഷേധവുമായി രംഗത്തുവന്നു. മഹാവ്യാധികളില്‍നിന്ന് കേരളത്തെ കാത്തുപിടിച്ച ‘ടീച്ചര്‍ അമ്മയെ’ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളിലും പ്രചാരണം കൊഴുത്തു. ഇടതുപക്ഷത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ‘കൊല്ലും കൊലയുമായി’ നിറയുന്ന പോരാളി ഷാജി പോലും പ്രതിഷേധവുമായി രംഗത്തുവന്നു. ‘ഒരാള്‍ക്കു മാത്രമായി ഇളവ് നല്‍കാനാവില്ല. എല്ലാ മന്ത്രിമാരും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എല്ലാ മന്ത്രിമാരും മാറണമെന്ന് പാര്‍ട്ടി കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണ്’ ഈ മറുപടിയോടെ മുഖ്യമന്ത്രിയാണ് ആ വിവാദം ശമിപ്പിച്ചത്. പാര്‍ട്ടി നയത്തിലും തീരുമാനത്തിലും ശൈലജ ടീച്ചര്‍ക്ക് മാത്രമായി ഒഴിവില്ലെന്നര്‍ത്ഥം. ഒരാള്‍ക്കു മാത്രമായി ഇളവ് നല്‍കാന്‍ ആവാത്തതിനാലാണ് ഷൈലജയെ ഉള്‍പ്പെടുത്താത്തത് എന്നു പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. അവിടെയാണ് മറ്റൊരു സംശയം ഉയരുന്നത്.
ശൈലജ ടീച്ചര്‍ക്ക് പകരമായി ആരോഗ്യമന്ത്രിയായി ചുമതലയേറ്റത് വീണാ ജോര്‍ജ്. സത്യപ്രതിജ്ഞയാവട്ടെ ദൈവനാമത്തിലും. 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച ഐഷാപോറ്റിയും എം.എം മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 4/2006 നമ്പരായ പാര്‍ട്ടി കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ഏറെ പ്രസക്തമാവുകയാണ്. ‘പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍: എം.എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എം.എല്‍. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവച്ച അപമാനം ആയിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളാണു പാര്‍ട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം’. നയം ഇതാവുമ്പോള്‍ സംഭവിച്ചത് നയവ്യതിയാനമോ വീഴ്ചയോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഐഷാ പോറ്റി പിന്നീട് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ദൃഢപ്രതിജ്ഞയാണെടുത്തത്. ധിക്കരിച്ച പാര്‍ട്ടി നിലപാട് തിരുത്തിച്ചു പാര്‍ട്ടി ലൈനിലേക്ക് അവരെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് പാര്‍ട്ടിക്ക് അഭിമാനകരം തന്നെ. അപ്പോള്‍ ഇപ്പോഴത്തെ കാര്യത്തിലുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നു. ശൈലജ ടീച്ചര്‍ക്കും ഐഷാപോറ്റിക്കുമില്ലാത്ത ഇളവ് പുതിയ ആരോഗ്യമന്ത്രിക്ക് ലഭിച്ചുവെന്നാണോ?. പത്തനംതിട്ട ഏരിയാകമ്മിറ്റി അംഗത്തിന്റെ പാര്‍ട്ടി നിലപാടിനെ ധിക്കരിക്കുന്ന സമീപനം കണ്ടില്ലെന്നാണോ?. ‘കണ്ടില്ലെന്ന് നടിക്കരുത്’ എന്ന പാര്‍ട്ടിക്കത്തിലെ ജാഗ്രതാനിര്‍ദേശം അപ്രസക്തമായോ?. അതോ പാര്‍ട്ടി നിലപാടിലും നയത്തിലും വ്യതിയാനം സംഭവിച്ചതോ?. അതോ അടവുനയമോ?. ഇതില്‍ ഏതായാലും അതു വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ട്. അങ്ങനെയും ഈ സത്യപ്രതിജ്ഞ ചരിത്രം കുറിക്കുകയാണ്.