X
    Categories: indiaNews

മൃതദേഹങ്ങള്‍ കൊണ്ട് നിറയുന്നു ഗംഗയില്‍ വലകെട്ടി ബിഹാര്‍

പറ്റ്‌ന: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്നത് തുടരുന്നു. യു.പിയിലെ ഗഹ്മാറില്‍ നിന്നും ഇന്നലെ 25 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. യു.പിയും ബിഹാറും പരസ്പരം പഴി ചാരുമ്പോഴും മൃതദേഹങ്ങള്‍ കൂട്ടത്തോടെ നദിയില്‍ തള്ളിയത് ആരെന്ന കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരു സംസ്ഥാനങ്ങളും തയാറായിട്ടില്ല.
രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ അഴുകിയ നിലയില്‍ ഗംഗയിലൂടെ ഒഴുകി എത്തുന്ന മൃതദേഹങ്ങള്‍ കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം ബിഹാറിലെ ബക്‌സറില്‍ നൂറ്റി അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ ബ്രഹ്മപൂരിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകി എത്തിയത്.
യു.പി-ബിഹാര്‍ അതിര്‍ത്തിയില്‍ നിരവധി ഗ്രാമങ്ങള്‍ ഉള്ളതിനാല്‍ ഇരു വിഭാഗവും പരസ്പരം പഴി ചാരുകയാണ്. യു.പിയില്‍ നിന്നും ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കൊണ്ട് വന്ന് യു.പിയിലെ ബല്ലിയയേയും ബിഹാറിലെ സരണ്‍ ജില്ലയേയും ബന്ധിപ്പിക്കുന്ന ജയ്പ്രഭ സേതു പാലത്തില്‍ നിന്നും ഗംഗാ നദിയിലേക്ക് തള്ളുകയാണെന്ന് ബിഹാര്‍ ബി.ജെ.പി എം.എല്‍. എ ജനാര്‍ധന്‍ സിങ് ആരോപിച്ചു.
അതേ സമയം ബിഹാറില്‍ നിന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളും നദിയിലേക്ക് തള്ളുന്നുണ്ടെന്നാണ് പ്രദേശ വാസികള്‍ പരയുന്നത്. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വിറകു ലഭിക്കാത്തതും ഇത്തരത്തില്‍ നദിയില്‍ തള്ളാന്‍ കാരണമായതായും അവര്‍ പറയുന്നു. അതേ സമയം ഗംഗാനദിയില്‍ 100ല്‍ അധികം കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ യു.പിയുമായി അതിര്‍ത്തി പങ്കിടുന്ന റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബിഹാര്‍. യു.പിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബിഹാറിലെ ബക്‌സാര്‍ ഡി.എം അമന്‍ സമിര്‍ പറയുന്നത്. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചു.

 

 

 

 

 

Test User: