X
    Categories: indiaNews

കോവിഡ് ബാധിച്ച് മരിച്ച പോളിങ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണം: അലഹബാദ് ഹൈക്കോടതി

 

കോവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെടാതിരുന്ന മറ്റ് കോടതികളെയും അലഹബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ കോവിഡ് മൂലം മരണമടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൂന്നംഗ പകര്‍ച്ചാവ്യാധി കമ്മറ്റിയ്ക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്തെ വൈറസ് വ്യാപനവും ക്വാറന്റൈന്‍ സെന്ററുകളുടെ സ്ഥിതിയെക്കുറിച്ചും ആരാഞ്ഞുകൊണ്ട് സമര്‍പ്പിച്ച ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു സംസ്ഥാനത്തിന്റെയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ മനപ്പൂര്‍വ്വമുള്ള പ്രവൃത്തി മൂലമാണ് ഒരു കുടുംബത്തിന്റെ ആശ്രയമായ ഒരാളുടെ ജീവന്‍ നഷ്ടമായിട്ടുള്ളതെന്നും ബെഞ്ച് നിരീക്ഷിച്ചു. നഷ്ടപരിഹാരത്തെക്കുറിച്ച് പുനരാലോചിച്ച ശേഷം അടുത്തതായി വാദം കേള്‍ക്കുന്ന ദിവസം യുപി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും നടത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19 മുതല്‍ 29 വരെ നാല് ഘട്ടങ്ങളായിട്ടായിരുന്നു ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് വോട്ടെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പുകള്‍ വരുത്തിവെയ്ക്കാന്‍ പോകുന്ന വലിയ പ്രത്യാഘാതങ്ങളെ കുറിച്ച് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതികളും ചിന്തിച്ചില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് തുറന്നടിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. നേരത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തുവന്നിരുന്നു.

 

 

Test User: