ശിവലിംഗം കണ്ടെത്തി എന്ന് ആരോപിക്കപ്പെടുന്ന വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിക്ക് അനുമതി നല്‍കി സുപ്രീം കോടതി. നമസ്‌കരിക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ വുളു എടുക്കുന്ന ‘വസുഖാന’ എന്ന ടാങ്കിന്റെ പരിസരമാണ് ശുചീകരിക്കാന്‍ അനുമതി നല്‍കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാരണാസിയിലെ ജില്ലാ മാജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വസുഖാന ശുചീകരിക്കാനുള്ള അനുമതി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2 വര്‍ഷമായി വാട്ടര്‍ ടാങ്ക് സീല്‍ ചെയ്തിരിക്കുകയാണ്.
അതേസമയം ശുചീകരണത്തിന് അനുമതി നല്‍കണമെന്ന ഹരജി പള്ളി കമ്മിറ്റി എതിര്‍ത്തില്ല. വാട്ടര്‍ ടാങ്ക് ശുചീകരിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നുവെന്ന് അവര്‍ കോടതിയില്‍ അറിയിച്ചു. ടാങ്കിലെ മീനുകള്‍ ചത്തിട്ടുണ്ടാകുമെന്നും ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്. ടാങ്കില്‍ ഹിന്ദുക്കള്‍ക്ക് ഏറെ പവിത്രമായ ശിവലിംഗം ഉണ്ട് എന്നിരിക്കെ അതിനെ എല്ലാ തരം അഴുക്കില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട് എന്നും ഹിന്ദു സ്ത്രീകള്‍ കോടതിയില്‍ പറഞ്ഞു.