X

‘കവറേജ്’ എത്താതെ കെ ഫോണ്‍; 6മാസമായിട്ടും കണക്ഷനെത്തിയത് 5300 വീടുകളില്‍, പ്രതിസന്ധിയിലായി പൊതുവിദ്യാലയങ്ങള്‍

തിരുവനന്തപുരം: ലക്ഷ്യം കാണാതെ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതി കെ ഫോണ്‍. പതിനാലായിരം കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കണക്ഷനെന്ന പ്രഖ്യാപനം നടപ്പായില്ല. കെ ഫോണിന്റെ വാഗ്ദാനം വിശ്വസിച്ച പൊതുവിദ്യാലയങ്ങള്‍ ഗുരുതര പ്രതിസന്ധിയില്‍. കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായിട്ടും പ്രഖ്യാപനത്തിന്റെ ഏഴയലത്ത് പോലും എത്താതെ കെ ഫോണ്‍.

14,000 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ സൗജന്യ കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതില്‍ പകുതി പോലും നല്‍കാനായിട്ടില്ല. ഇന്റര്‍നെറ്റ് എത്തിക്കുമെന്ന കെ ഫോണിന്റെ വാക്ക് വിശ്വസിച്ച പൊതു വിദ്യാലയങ്ങളും പ്രതിസന്ധിയിലാണ്. ഇത്തിരി വൈകിയാലും ഇനി എല്ലാം വളരെ വേഗത്തിലെന്ന വാദ്ഗദാനം മുഖ്യമന്ത്രി തന്നെ നല്‍കിയാണ് കെ ഫോണ്‍ ഉദ്ഘാടനം ചെയ്തത്. ജൂണ്‍ അവസാനത്തോടെ പതിനാലായിരം ബിപിഎല്‍ കുടുംബങ്ങളിലേക്ക് കണക്ഷന്‍, ഡെഡ് ലൈന്‍ കഴിഞ്ഞ് പിന്നെയും ഒരു ആറ് മാസം പിന്നിടുമ്പോള്‍ ബിപിഎല്‍ കണകക്ഷന്‍ 5300 മാത്രമാണ്.

കൃത്യമായ വിലാസമോ വിശദാംശങ്ങളോ ഇല്ലാത്ത ലിസ്റ്റ് നടത്തിപ്പ് കരാര്‍ എടുത്ത കേരള വിഷന്‍ കെ ഫോണിന് തിരിച്ച് നല്‍കിയിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന കണക്കില്‍ വലിയ വര്‍ദ്ധനയൊന്നും സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യത്തിലും ഇല്ല. 30000 സര്‍ക്കാര്‍ ഓഫീസുകളാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടെങ്കില്‍ കെ ഫോണ്‍ കണക്ഷനെത്തിയത് 19000 ഓഫീസുകളില്‍ മാത്രമാണ്.

ഇനി കെ ഫോണ്‍ എന്ന വാക്ക് വിശ്വസിച്ച് നിലവിലുണ്ടായിരുന്ന ബിഎസ്എന്‍എല്‍ കണക്ഷന്‍ റദ്ദാക്കിയ പൊതു വിദ്യാലയങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കണക്ഷന്‍ നല്‍കേണ്ട 13957 സ്‌കൂളുകളുടെ ലിസ്റ്റ് കെ ഫോണിന്റെ കയ്യില്‍ കിട്ടിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഹൈടെക് ക്ലാസ് മുറികളിലടക്കം ഒക്ടോബറിന് മുന്‍പ് ഇന്റര്‍നെറ്റ് എത്തിക്കുമെന്ന വാദ്ഗാനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല ഇത്ര വലിയൊരു ആവശ്യം മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നാണ് കെ ഫോണ്‍ ഇപ്പോള്‍ പറയുന്നത്.

സ്‌കൂളുകളിലേക്ക് കണക്ഷനെത്തിക്കാന്‍ മാത്രമായി പുതിയ ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്ക് അകം എല്ലാം ശരിയാകുമെന്നുമാണ് പുതിയ വിശദീകരണം. നിന്ന് പോകാനുള്ള വരുമാനം ലക്ഷ്യമിട്ട് ഗാര്‍ഹിക വാണിജ്യ കണക്ഷന്‍ നടപടികള്‍ക്ക് തുടക്കമിട്ടെങ്കിലും അതിനുമില്ല പ്രതീക്ഷിച്ച വേഗം. വാണിജ്യ ലക്ഷ്യത്തോടെയുള്ള ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ 1500 ഓളം ഓപ്പറേറ്റര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. നല്‍കിയ കണക്ഷന്‍ 796 മാത്രം. സാങ്കേതിക സൗകര്യങ്ങളിലടക്കം കെഫോണ്‍ വരുത്തി വീഴ്ചകള്‍ക്ക് പരിഹാരം കണണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികളും നവകേരള സദസ്സില്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതായാണ് വിവരം.

webdesk14: