X

മണിപ്പൂരില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 12,694 കുട്ടികള്‍; 100 പേര്‍ കടുത്ത മാനസികാഘാതത്തില്‍

ഇംഫാല്‍: വംശീയ കലാപം അരങ്ങുതകര്‍ത്ത മണിപ്പൂരില്‍ 12,694 കുട്ടികളെയാണ് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് തള്ളിയിടപ്പെട്ടതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതില്‍ നിരവധി കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നൂറു കുട്ടികള്‍ കടുത്ത മാനസികാഘാതത്തിലാണെന്നും ഇവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അടിയന്തരമായി കൗണ്‍സലിങ് നല്‍കണമെന്നും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

പോഷകാഹാരക്കുറവ് കാരണം ഗുരുതരാവസ്ഥയിലുള്ള നിരവധി കുട്ടികളെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തന്നെ 16 പേര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്.
വിദഗ്ധ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സൈക്യാട്രിസ്റ്റുകളും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ സന്ദര്‍ശിച്ചാണ് സംഘം കുട്ടികളെ പരിശോധിക്കുന്നത്. ഇവരെ സാധാരണ ജീവിതത്തിലേക്ക് വൈകാതെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് ഡയരക്ടര്‍ എന്‍.ജി ഉത്തം സിങ് പറഞ്ഞു.

webdesk11: