X
    Categories: Newsworld

ആ വമ്പന്‍ കണ്ടുപിടിത്തത്തിന് 126 വയസ്

ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ശാസ്ത്രനേട്ടം കണ്ടെത്തിയിട്ട് 126 വര്‍ഷം തികയുന്നു. വില്യം റോണ്‍ട്ജന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ 1895 നവംബര്‍ എട്ടിനാണ് എക്‌സ്-റേ കണ്ടെ. ത്തിയത്ജര്‍മനിയിലെ പ്രശസ്തമായ വീയത്സ്ബര്‍ഗ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു റോണ്‍ട്ജന്‍. തന്റെ ലബോറട്ടറിയില്‍ പരീക്ഷണത്തിലേര്‍പ്പെടവേ ചില പദാര്‍ഥങ്ങളില്‍ തിളക്കമുണ്ടാകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

കാഥോഡ് ട്യൂബുകളില്‍ നിന്നു വരുന്ന ചില തരംഗങ്ങള്‍ ഈ തിളക്കത്തിന് കാരണമാകാമെന്ന് റോണ്‍ട്ജന്‍ സംശയിച്ചു. പച്ച നിറത്തിലുള്ള വെളിച്ചം കൂടുതല്‍ വ്യക്തമാക്കാനായി അദ്ദേഹം കറുത്ത പേപ്പര്‍ ഉപയോഗിച്ച് ട്യൂബിനെ മൂടി. ഒരു പുതിയ രശ്മി ഉത്പാദിപ്പിക്കപ്പെടുന്നതായി ഉറപ്പാക്കാന്‍ ഈ പ്രവര്‍ത്തനം സഹായിച്ചു. മൂടിയ പേപ്പറിലൂടെ കടന്ന് പദാര്‍ഥങ്ങളെ ജ്വലിപ്പിക്കാന്‍ ഈ രശ്മികള്‍ക്ക് സാധിക്കും എന്ന് തിരിച്ചറിഞ്ഞു.
മനുഷ്യശരീരകലകളിലൂടെ കടന്നുചെല്ലാന്‍ സാധിക്കുന്ന, ഈ രശ്മി ആന്തരികാവയവങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കാം എന്ന തിരിച്ചറിവാണ് വിപ്ലവകരമായ ഉപയോഗങ്ങള്‍ക്ക് സാധിക്കുന്ന ഒന്നായി അതിനെ മാറ്റിയത്. റോണ്‍ട്ജന്‍ ഈ പുതിയ രശ്മികള്‍ക്ക് അറിയപ്പെടാത്തത് എന്ന അര്‍ത്ഥത്തില്‍ എക്‌സ്-റേയ്‌സ് എന്ന് നാമകരണം ചെയ്തു. ഒരു പെട്ടിക്കകത്ത് അടക്കം ചെയ്ത ചില വസ്തുക്കളുടെ ചിത്രമാണ് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. കൂടാതെ തന്റെ ഭാര്യ ബെര്‍ത്തയുടെ കൈകളുടെ ചിത്രം പരീക്ഷണാടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ റോണ്‍ട്ജന്‍ തയ്യാറായി.

ശാസ്ത്രലോകത്തെ ഈ വമ്പന്‍ കണ്ടെത്തലിന് ലോകമെങ്ങും വന്‍ സ്വീകാര്യത ലഭിച്ചു. ശസ്ത്രക്രിയകള്‍ക്കും കോശപഠനത്തിനും വസ്തുക്കളുടെ സൂക്ഷ്മപഠനത്തിനും ഉപയോഗിക്കാവുന്ന എക്‌സ്-റേ സൈനികരുടെ ശരീരത്തിലെ വെടിയുണ്ടകള്‍ കണ്ടെത്തുന്നതിന് വ്യാപകമായി ആ കാലഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടു. പ്രകാശരശ്മികളേക്കാള്‍ 1000 മടങ്ങ് തരംഗദൈര്‍ഘ്യം കുറഞ്ഞ എക്‌സ്-റേ വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നതോടൊപ്പം അപകടം ക്ഷണിച്ചുവരുത്തുന്നു എന്ന ചിന്തയും വ്യാപകമായി. 1901-ല്‍ ഊര്‍ജതന്ത്രത്തിനുള്ള ആദ്യ നൊബേല്‍ പുരസ്‌കാരം ഈ വിശ്രുത പ്രതിഭയ്ക്ക് നല്‍കാന്‍ അക്കാദമി തീരുമാനിച്ചു. 2004-ല്‍ കണ്ടെത്തപ്പെട്ട പുതിയ മൂലകത്തിന് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ‘റോണ്‍ട്ജീനിയം’ എന്ന പേര് നല്‍കി.

 

 

Test User: