X

ഗാന്ധിയെ കുടുക്കിയ 124 എ- അഡ്വ. മുഹമ്മദ് ആരിഫ് കെ.പി

Judge holding gavel in courtroom

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്തുന്നതിനും ജയിലിലടക്കുന്നതിനും അതുവഴി സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുംകൂടി ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് താല്‍ക്കാലികമായി മരവിപ്പിച്ച് ഉത്തരവ് ഇറക്കിയത് ഇന്ത്യന്‍ നീതിന്യായം വ്യവസ്ഥയില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് 152 വര്‍ഷം പഴക്കമുള്ള കൊളോണിയന്‍ നിയമമായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ച് ഉത്തരവ് ഇറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ഈ വകുപ്പില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇത്തരം കേസുകളിലെ അന്വേഷണം തുടര്‍ന്ന് നടത്തേണ്ടതില്ലെന്നും നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും ഒരാള്‍ വാക്കാലോ എഴുതപ്പെട്ട രീതിയിലോ, ആംഗ്യം മുഖേനയോ, മറ്റേതെങ്കിലും രീതിയിലോ ഭരണകൂടത്തിനെതിരെ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ആയതിന് ശ്രമിക്കുകയോ ചെയ്യുന്നത് വഴി ഭരണകൂടത്തിന് ഏതെങ്കിലും തരത്തില്‍ അസംതൃപ്തി ഉണ്ടായാല്‍ ആ വ്യക്തിയെ ജീവപര്യന്തം വരെ തടവിന് ശിക്ഷിക്കാന്‍ അധികാരം നല്‍കുന്ന വകുപ്പാണ് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 124.എ.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം വിശദമായി കേട്ടതിന് ശേഷവും കേന്ദ്ര ഗവണ്‍മെന്റ് ഈ കൊളോണിയല്‍ നിയമം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി മുമ്പാകെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ഐ.പി.സി. 124 എ മരവിപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇത്തരം കേസുകളില്‍ പൂര്‍ണമായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന കോടതിയുടെ നിര്‍ദ്ദേശം സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തിരുന്നു. ഒരു കൊഗ് നൈസിബിള്‍ കുറ്റകൃത്യം നടത്തിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ഇത്തരം കേസുകളില്‍ എസ്.പി റാങ്കിലുള്ള പൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്ന ബദല്‍ നിര്‍ദ്ദേശം സോളിസിറ്റര്‍ ജനറല്‍ മുന്നോട്ട്‌വെച്ചെങ്കിലും, പൗരന്മാരുടെ സിവില്‍ അവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചത്. കേസിലെ ഹരജിക്കാരനായ പത്രപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാന്‍ഗം എന്നയാള്‍ നല്‍കിയ ഹരജി 2021 ജൂലൈ മാസത്തില്‍ പരിഗണിച്ചപ്പോള്‍ തന്നെ, ഗാന്ധിജിയേയും ബാലഗംഗാധര തിലകിനെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്തുന്നതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുവന്ന കൊളോണിയന്‍ നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും തുടരേണ്ട ആവശ്യമുണ്ടോയെന്നും കോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചിരുന്നു.

നിലവിലെ ഹരജിക്കാരന്‍ ഇപ്പോള്‍ ജയിലിലാണോ ഉള്ളതെന്ന് കോടതി ആരാഞ്ഞതില്‍ അദ്ദേഹം ഇപ്പോള്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മുക്തനാണെന്നും എന്നാല്‍ നിലവില്‍ നിരവധി പൗരന്മാര്‍ ഇന്ന് ഈ കൊളോണിയന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിഞ്ഞ് വരികയാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു. പത്രപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാന്‍ഗം ബോധിപ്പിച്ച ഹരജിക്ക് പുറമെ മേജര്‍ ജനറല്‍ എസ്.ജി വൊമ്പാത്കരെ, എഡിറ്റേഴ്‌സ് ഗിള്‍ഡ് ഓഫ് ഇന്ത്യ, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മയിത്ര, പത്രപ്രവര്‍ത്തകന്‍ അനില്‍ ചമാദിയ, പാട്രീഷ മുഖിം, അനുരാധ ഭാസിന്‍, ജേണലിസ്റ്റ് യൂണിയന്‍ ഓഫ് അസം എന്നിവര്‍ ബോധിപ്പിച്ച ഹരജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചത്. ഈ നിയമത്തിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ വകുപ്പ് ചുമത്തി തടവിലാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തില്‍ ഗാന്ധിജി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ലേഖനങ്ങള്‍ എഴുതിയതിന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 1922 ല്‍ തടവിന് ശിക്ഷിക്കുകയുണ്ടായി. പൗരസ്വാതന്ത്ര്യം അമര്‍ച്ച ചെയ്യാന്‍ ശിക്ഷാനിയമത്തിലുള്ള രാജകുമാരനാണ് 124 എ വകുപ്പ് എന്നാണ് ഗാന്ധിജി ഈ വകുപ്പിനെ കോടതി മുമ്പാകെ അന്ന് വിശേഷിപ്പിച്ചത്. മാത്രവുമല്ല ഈ വകുപ്പ് പ്രകാരം എനിക്കെതിരെ കേസെടുത്തത് ബഹുമതിയായിട്ടാണ് കരുതുന്നതെന്നും ഗാന്ധിജി പറയുകയുണ്ടായി. ഗാന്ധിജിക്ക് പുറമെ ബാലഗംഗാധര തിലക്, ലാലാ ലജ്പത് റോയ്, അബുല്‍ കലാം ആസാദ് തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ ഐ.പി.സി 124 എ വകുപ്പ് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഭരണകൂടം പല സന്ദര്‍ഭങ്ങളിലും ഈ കൊളോണിയല്‍ നിയമം മറയാക്കി പൗരന്മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഭരണകൂടത്തെ വിമര്‍ശിക്കുന്നതില്‍ നിന്നും തെറ്റ് ചൂണ്ടി കാണിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും അതുവഴി ഭരണകൂടത്തിനെതിരെ ക്രിയാത്മകമായി പ്രതിഷേധിക്കാന്‍പോലും അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും യുക്തിസ്വാതന്ത്ര്യത്തിനും കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് പല ഘട്ടങ്ങളിലും നിയമം ദുരുപയോഗം ചെയ്ത് ഭരണകൂടം പ്രവര്‍ത്തിച്ചിട്ടുള്ളത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും ഈ കൊളോണിയല്‍ നിയമം ചുമത്തി ജയിലിലടച്ചിട്ടുണ്ട്. 152 വര്‍ഷം പഴക്കമുള്ള കൊളോണിയന്‍ നിയമമായ ഐ.പി.സി 124 എ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ച് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും കൂടുതല്‍ സംരക്ഷണം നല്‍കുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും സാധ്യമാവുന്നതാണ്.

Chandrika Web: