ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍നിന്ന് മരിച്ച 12 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേരെയാണ് ഒരേ ഖബറില്‍ അടക്കം ചെയ്യുക.
പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ് (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.
ഞായറാഴ്ചയായതിനാല്‍ ഉല്ലസിക്കാനായി മക്കളുമൊത്ത് പുറത്തുപോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തവലിയുടേയും സഹോദരന്‍ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധു കൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും അടക്കം 12 അംഗ സംഘത്തിലെ ഒരാള്‍ പോലും അപകടത്തെ അതിജീവിച്ചില്ല. ഞായറാഴ്ച ഉല്ലസിക്കാനായി പുറത്ത് പോയ സംഘത്തിന്റെ പ്രധാന ലക്ഷ്യം മക്കളുടെ ആഗ്രഹമായ ബോട്ട് യാത്രയായിരുന്നു. ഇതാണ് അന്ത്യയാത്രയായി മാറിയത്. സ്വന്തം ജീവനും ജീവിതവുമായിരുന്ന മക്കളെയും ഭാര്യമാരെയും നഷ്ടപ്പെട്ട് ഹൃദയവേദന താങ്ങാനാവാത്ത നിലയിലാണ് സഹോദരങ്ങളായ സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മയ്യിത്തുകള്‍ സമീപത്തെ മദ്രസയിലേക്ക് മാറ്റും.
ബോട്ടപകടത്തില്‍ മരിച്ചത് തന്റെ കുടുംബത്തിലുള്ളവരെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഷാഹുല്‍ ഹമീദ് അറിഞ്ഞത് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം. അപകടവിവരമറിഞ്ഞ് സ്ഥലത്തേക്കെത്തിയതായിരുന്നു ഓട്ടോ ഡ്രൈവര്‍ കൂടിയായ ഷാഹുല്‍ ഹമീദ്. ഈ സമയത്താണ് രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിയെടുത്ത കുഞ്ഞുങ്ങളുമായി ഓട്ടോറിക്ഷക്ക് അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് സഹോദരിയുടെ മക്കളായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് മനസിലായത്. ബന്ധുക്കളായ മൂന്ന് കുട്ടികളും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.