പന്ത്രണ്ടായിരത്തോളം സാരികള്‍, 30 കിലോഗ്രാം സ്വര്‍ണം, 2000 ഏക്കര്‍ ഭൂമി . 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പ്….ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ച് ഇതിന്മേല്‍ വലിയ ഒരു അഴിമതി ആരോപണം വരാനില്ല. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ജയലളിതയെ കര്‍ണാടക കോടതി ശിക്ഷിച്ചത് ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ അത്യപൂര്‍വമായ അഴിമതിക്കേസിലായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്കാരനായ ജനതാപാര്‍ട്ടി മുന്‍ നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലായിരുന്നു കേസ്. 2014 സെപ്തംബര്‍ 27ന് ബംഗളൂരു സ്‌പെഷല്‍ കോടതി ജഡ്ജിയാണ് ജയയക്ക് മുഖ്യമന്ത്രിയായിരിക്കെ നാലുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കുമ്പോള്‍ ലഭിക്കുന്ന തടവുശിക്ഷ രാജ്യത്ത് ആദ്യമായിരുന്നു. 100 കോടി രൂപ പിഴയടക്കാനും കോടതി വിധിച്ചിരുന്നു. നിയമസഭയില്‍ പദവിയില്‍ നിന്നും അയോഗ്യയാക്കപ്പെടുന്ന ആദ്യമുഖ്യമന്ത്രികൂടിയായിരുന്നു ജയലളിത. എന്നാല്‍ കണക്കില്‍പെടാത്ത സ്വത്തെല്ലാം തനിക്ക് നടിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങളായിരുന്നുവെന്നായിരുന്നു അവരുടെ വാദം.
പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലിലായിരുന്നു ജയയുടെയും തോഴി ശശികല അടക്കമുള്ളവരുടെ കുറ്റം കോടതി പ്രഖ്യാപിച്ചത്. അതിശക്തമായ സുരക്ഷാസന്നാഹങ്ങളോടെയായിരുന്നു വിധിപ്രസ്താവം. പ്രത്യേക ജഡ്ജി ജോണ്‍മൈക്കേല്‍ ഡികുഞ്ഞയുടേതായിരുന്നു വിധി. രണ്ടുദിവസത്തിന് ശേഷം പനിനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു. സ്ഥാനമേറ്റ് രണ്ടാം ദിവസം പരപ്പന ജയിലില്‍ ജയയെ കാണാനെത്തിയ മുഖ്യമന്ത്രിക്ക് പക്ഷേ അവരെ കാണാനായില്ല. പോയി മുഖ്യമന്ത്രിപ്പണി നോക്കെന്നായിരുന്നു ജയയുടെ കല്‍പനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തെ ശിക്ഷക്ക് ശേഷം കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ ജയക്ക് പുറത്തിറങ്ങാനായി. 2015 മെയ് 11ന് ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ജയക്കെതിരായ എല്ലാ കുറ്റവും ഒഴിവാക്കി വെറുതെ വിട്ടത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായി. ശശികലക്ക് പുറമെ അവരുടെ മരുമകന്‍ ഇളവരശി, ജയയുടെ വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും കേസില്‍ വെറുതെ വിട്ടു. 12 ദിവസത്തിനുശേഷം അവര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടക സര്‍ക്കാരിനെതിരെ ഡി.എം.കെ അടക്കം രംഗത്തുവന്നു. കര്‍ണാടകയുടെ അപ്പീലില്‍ ഇപ്പോള്‍ ജയയുടെ അനധികൃത സ്വത്തുസമ്പാദനക്കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.