അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസം പിന്നിട്ടു. ഗാരോള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ ബുധനാഴ്ച ആരംഭിച്ച ശ്രമമാണ് 120 മണിക്കൂര്‍ കഴിഞ്ഞും തുടരുന്നത്. ഇടതൂര്‍ന്നതും ചെങ്കുത്തായതുമായ വനത്തിനുള്ളിലാണ് സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത ഓപ്പറേഷന്‍.
കനത്ത ആയുധധാരികളായ രണ്ടിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു സൈനികനും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ 120 മണിക്കൂറിനിടെ, സൈന്യം നൂറുകണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റുകളും തൊടുത്തു വിട്ടിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നൂതന ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കളും വീഴ്ത്തി. ഓപ്പറേഷനില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രം സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കനത്ത ഷെല്ലാക്രമണത്തിനിടെ, കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിന്റെ ഒരു ഭാഗത്ത് തീപിടിച്ചെങ്കിലും അപ്രതീക്ഷിതമായ മഴയെത്തുടര്‍ന്ന് പെട്ടെന്ന് അണഞ്ഞു.
കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും ഓപ്പറേഷന്‍ ആരംഭിച്ചത്.ഓപ്പറേഷനിടെ കേണ ല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.