മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ് സൂചന.
സബര്‍ബന്‍ ഗോവണ്ടിയിലെ ബിംഗന്‍വാടിയിലെ നമ്പര്‍ 2 മുനിസിപ്പല്‍ ഉര്‍ദു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 12 വയസ്സുകാരിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സ്‌കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഗുളിക വിതരണം ചെയ്തത്. ഗുളിക കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെതുടര്‍ന്ന് മരിച്ച പെണ്‍കുട്ടി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. വ്യാഴാഴ്ച എത്തിയെങ്കിലും അന്ന് രാത്രി വീട്ടില്‍ എത്തിയതോടെ ചര്‍ദ്ദി രൂക്ഷമാവുകയും ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. കുട്ടികള്‍ക്കിടയിലെ അനീമിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് സ്‌കൂളില്‍ ഗുളികകള്‍ വിതരണം ചെയ്തതെന്നാണ് ബ്രഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാദം.
ഗുളിക കഴിച്ചതല്ല വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്ന വാദത്തിലാണ് ഉദ്യോഗസ്ഥര്‍. പെണ്‍കുട്ടിക്ക് നേരത്തെയുള്ള രോഗങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും അധികൃതര്‍ വാദിക്കുന്നു. ടി.ബിയാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മരണത്തെതുടര്‍ന്ന് ഭയചകിതരായാണ് ഗുളിക കഴിച്ച മറ്റു കുട്ടികളും രാജവാഡി സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയതെന്നും ചിലര്‍ക്ക് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഒഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബി.എം.സി അധികൃതര്‍ അവകാശപ്പെട്ടു.