മലേഷ്യ: പന്ത്രണ്ടുകാരന്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ഗെയിം അറിയാതെ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് സംഭവിക്കും? ഉത്തരം പലതാവാം..എന്നാല്‍ ഒരു രാജ്യം മുഴുവന്‍ ഒപ്പം നിന്ന കഥയാണ് മലേഷ്യയിലെ മുഹമ്മദ് താലിഫ് എന്ന വിദ്യാര്‍ഥിക്ക് പറയാനുള്ളത്. വലിയൊരു സ്വപ്നം പൊലിഞ്ഞതില്‍ സങ്കടമൊക്കെയുണ്ടായെങ്കിലും അത് മുഹമ്മദ് താലിഫ് എന്ന പന്ത്രണ്ടുകാരനെ പ്രസിദ്ധനാക്കിയിരിക്കുകയാണ്.സ്വന്തമായി കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്തതിനാല്‍ സമീപത്തെ ഇന്റര്‍നെറ്റ് കഫേയിലായിരുന്നു മുഹമ്മദിന്റെ ഗെയിം നിര്‍മാണം.
എന്നാല്‍ കഫേയില്‍ പതിവില്ലാത്ത ഒരു ഫയല്‍ കണ്ട ജീവനക്കാരന്‍ അത് വൈറസാണെന്നു കരുതി ഉടനെ ഡിലീറ്റ് ചെയ്തു. എന്നാല്‍ സംഭവം 12 കാരന്റെ ജീവിതം മാറ്റിമറിച്ചു. രാജ്യം മുഴുവന്‍ ആ പന്ത്രണ്ടുകാരന്റെ കൂടെനിന്നു. രാജ്യത്തെ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി സയ്യിദ് സാദിഖ് നേരിട്ട് മുഹമ്മദിനെ കാണാനെത്തി.
പന്ത്രണ്ടുകാരനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇത് പോലെ കഠിനാധ്വാനം ചെയ്യുന്ന ഭാവി തലമുറയെയാണ് ആവശ്യമെന്നാണ് മന്ത്രി ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചത്. മലേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗെയിം ഡെവലപ്പര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം എഴുതി.
എന്തായാലും ഡിലീറ്റ് ആയ ഗെയിം ഫയല്‍ കഫേ അധികൃതര്‍ തന്നെ മുഹമ്മദിന് വീണ്ടെടുത്ത് കൊടുത്തു. സോംബി ഷൂട്ടര്‍ എന്ന ഗെയിമാണ് മുഹമ്മജ് നിര്‍മിച്ചത്.