X

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി റിയാസ് ഉള്‍പ്പെടെ 12 പേര്‍ പിഴയടച്ചത് 3.81 ലക്ഷം

ഒമ്പത് വര്‍ഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര്‍ നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയില്‍ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റല്‍ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റര്‍ കെ.രാജന്‍ നല്‍കിയ ഹര്‍ജിയിലെ വിധിയിലാണ് സബ് ജഡ്ജി ജോജി തോമസ് മുന്‍പാകെ തുക അടച്ചത്.

തുക അടയ്ക്കുന്നത് വൈകിയതിനാല്‍ പലിശയും കോടതി ചെലവും ചേര്‍ത്താണ് തുക ഈടാക്കിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടയില്‍ പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്‌കും ജനലുകളും നശിപ്പിച്ച കേസില്‍ 2014 മാര്‍ച്ച് 31നാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പ് ഗ്രേയ്‌സില്‍ പി.എ.മുഹമ്മദ് റിയാസ് (42) ഒന്നാം പ്രതിയായ കേസില്‍ 12 പ്രതികളായിരുന്നു.

വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ശരിവച്ചു. വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരച്ചില്ല. പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് പോസ്റ്റല്‍ വകുപ്പിന്റെ അഭിഭാഷകന്‍ എം.രാജേഷ്‌കുമാര്‍ വിധി നടപ്പാക്കാന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പിഴത്തുക കെട്ടിവച്ചത്.

2011 ജനുവരി 19നാണ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച്. മന്ത്രിക്ക് പുറമെ എം.കെ.ശശി, പി.കെ.അശോകന്‍, എ.പി.പ്രജിത്ത്, ഷാജി കൊളരാട്, എ.എം.റഷീദ്, ടി.അനില്‍കുമാര്‍, കെ.എം.മനോജന്‍, കെ.കെ.പ്രദീപന്‍, പി.ടി.കെ. രാജീവന്‍, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍ എന്നിവരും ചേര്‍ന്നാണ് തുക അടച്ചത്.

 

 

webdesk13: