X

ബീഫ് വിറ്റെന്ന് ആരോപിച്ച് രാജസ്ഥാനിൽ 12 വീടുകൾ തകർത്ത് പൊലീസ്; 44 ഏക്കറിലെ കൃഷിയും നശിപ്പിച്ചു

ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ 12 വീടുകള്‍ തകര്‍ത്ത് പൊലീസ്. ഇതിനൊപ്പം 44 ഏക്കറിലെ ഗോതമ്പ്, കടുക് വിളകളും നശിപ്പിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ തിജാര ഖായിര്‍ത്താല്‍ ജില്ലയിലെ കിസ്‌നഗാര്‍ഹ് ബാസ് ഗ്രാമത്തിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് വില്‍പന തടയാത്തതിന് 4 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബീഫ് വിറ്റതിന് 22 പേര്‍ക്കെതിരെ നിലവില്‍ കേസെടുത്തിട്ടുണ്ട്. ഇതില്‍ 8 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

റാട്ടി ഖാന്‍, സാഹുന്‍, മൗസം, ഹാരൂണ്‍, ജബ്ബാര്‍, അലീം, അസ്‌ലം, കാമില്‍, സദ്ദാം എന്നിവരാണ് അറസ്റ്റിലായത്. അനധികൃതമായി ഇവിടെ ബീഫ് വില്‍പന നടത്തുന്നതായി നിരവധി തവണ പൊലീസിന് പരാതി ലഭിച്ചുവെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 50ഓളം കന്നുകാലികളെ അറുത്ത് 50ഓളം ഗ്രാമങ്ങളില്‍ ഇവിടെ നിന്നും ബീഫ് വിതരണം ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

അനധികൃത ബീഫ് വില്‍പന തടയാന്‍ ശ്രമിക്കാത്തതിനാണ് 4 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് ബീറ്റ് കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അനധികൃത ബീഫ് വില്‍പന നടക്കുന്നുവെന്ന പരാതി ലഭിച്ചയുടന്‍ തന്നെ പ്രദേശത്ത് പരിശോധന നടത്തിയെന്ന് ജയ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഉമേഷ് ദത്ത പറഞ്ഞു.

കിസ്‌നഗാര്‍ഹ് ബാസ് ഏരിയില്‍ പരിശോധന നടത്തുകയും അവിടെ നിന്നും ഇറച്ചി പിടിച്ചെടുക്കുകും ചെയ്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കാത്തതിന് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

 

webdesk13: