X
    Categories: CultureMoreViews

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കെജരിവാളിന്റേയും മന്ത്രിമാരുടേയും കുത്തിയിരിപ്പ് സമരം

ന്യൂഡല്‍ഹി: ജോലിക്ക് ഹാജരാകാത്ത ഐ.എ.എസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഇന്നലെ രാത്രി തുടങ്ങിയ സമരം ഇന്നും തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സമരം ചെയ്യുന്നത്.

നാല് മാസമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരിച്ചുകയറാന്‍ നിര്‍ദേശം നല്‍കുക, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെജരിവാളും മന്ത്രിമാരും കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച്ചക്ക് ശേഷം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒപ്പിടാതെ ഗവര്‍ണറുടെ വസതി വിടില്ലെന്ന് പ്രഖ്യാപിച്ചാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയുടെ ഓഫീസ് മുറിയില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

ഐ.എസ്.എ ഓഫീസര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതാണെന്ന് കെജരിവാള്‍ ആരോപിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുള്ള മോദിയുടെ നീക്കങ്ങളുടെ ഭാഗമാണ് സമരം. ലഫ്റ്റനന്റ് ഗവര്‍ണറാണ് സമരം ക്രോഡീകരിക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: