X

കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ കടന്നാക്രമിച്ച് മഹുവ; മോദി ഭരണത്തില്‍ നാട് വിട്ടത് 12.5 ലക്ഷം പൗരന്മാര്‍

ന്യൂഡല്‍ഹി- സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 2022-23 വര്‍ഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന മഹുവ.

എന്‍എസ്ഒ പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം രാജ്യത്തിന്റെ വ്യവസായ ഔട്ട്പുട്ട് ഒക്ടോബറില്‍ 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി, ‘തൊഴിലുകള്‍ സൃഷ്ടിക്കുന്ന’ ഉത്പാദന മേഖല 5.6% ആയി ചുരുങ്ങി. ഇന്ത്യന്‍ പൗരത്വം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടുന്നു, 2022ലെ ആദ്യ പത്തു മാസത്തിനുള്ളില്‍ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു, മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മുതല്‍ ഈ വര്‍ഷം വരെ ആകെ 12.5 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം വെടിഞ്ഞു. മെഹുവ വ്യക്തമാക്കി.

ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എല്ലാ ഫെബ്രുവരിയിലും സമ്പദ്‌വ്യവസ്ഥ നല്ല രീതിയില്‍ പോകുന്നുവെന്ന് കാണിക്കാനുള്ള പൊടിക്കൈകളാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്. ഗ്യാസ് സിലിണ്ടര്‍, വീട്, വൈദ്യുതി തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍എല്ലാവര്‍ക്കും കിട്ടുന്നതായി കാണിക്കുന്നു. എന്നാല്‍ ഡിസംബര്‍ ആകുമ്പോള്‍ സത്യം പുറത്തുവരും. ബജറ്റില്‍ കണക്കുകൂട്ടിയതിനേക്കാള്‍ 3.26 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാരിന് വേണ്ടത്.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ട ഡേറ്റയെ ആസ്ഥാനമാക്കിയായിരുന്നു മഹുവ മൊയ്ത്രയുടെ വാദഗതികള്‍.

Test User: