X
    Categories: Views

12 റണ്‍സ് വഴങ്ങി 10 വിക്കറ്റ്: അവിസ്മരണീയ പ്രകടനവുമായി പാക് കൗമാര താരം

കറാച്ചി: ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി ചരിത്രം രചിച്ച് പാകിസ്താന്‍ കൗമാര താരം. കറാച്ചിയില്‍ നടന്ന അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്റ്റ് ത്രീ ഡേ ടൂര്‍ണ്ണമെന്റിലാണ് മുഹമ്മദ് അലി എന്ന വലം കയ്യന്‍ പേസര്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചത്. മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത പയ്യന്‍ കേവലം 12 റണ്‍സ് വഴങ്ങിയാണ് എതിര്‍ ടീമിന്റെ 10 വിക്കറ്റുകളും പിഴുതത്. ടൂര്‍ണ്ണമെന്റില്‍ സോണ്‍ മൂന്നിനു വേണ്ടിയാണ് മുഹമ്മദ് അലി പന്തെറിഞ്ഞത്. സോണ്‍ സെവനായിരുന്നു എതിരാളി. മുഹമ്മദ് അലിയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവില്‍ സോണ്‍ മൂന്ന് ടീം ഇന്നിംഗ്‌സിനും 195 റണ്‍സിനും വിജയിച്ചു.

10 വിക്കറ്റ് വീഴ്ത്താന്‍ ഒന്‍പത് ഓവറുകള്‍ മാത്രമാണ് മുഹമ്മദ് അലിയ്ക്ക എറിയേണ്ടി വന്നത്. ഫീല്‍ഡര്‍മാരുടെ യാതൊരു സഹായവും കൂടാതെയായിരുന്നു കറാച്ചി താരം 10 വിക്കറ്റും വീഴ്ത്തിയത്. ഇതില്‍ ഒന്‍പത് വിക്കറ്റും ബാറ്റ്‌സ്മാന്‍മാരുടെ കുറ്റി തെറിപ്പിച്ച് സ്വന്തമാക്കിയ അലി ഒരു വിക്കറ്റ് എല്‍ബിഡബ്യുവിലൂടെയാണ് സ്വന്തമാക്കിയത്. ത്രിദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോര്‍ഡ് നേട്ടവും ഈ പ്രകടനത്തിലൂടെ അലി സ്വന്തമാക്കി.

എന്നാല്‍ ഇത് ഫസ്റ്റ്ക്ലാസ് റെക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തില്ല. ടൂര്‍ണ്ണമെന്റിന് ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് ഇല്ലാത്തതാണ് കാരണം. എന്നാല്‍ പാക് സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ അലിയ്ക്ക് ഇത് ധാരാളമാണ്. നാല് പാക് ബൗളര്‍മാരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുളളത്. നയീം അക്തര്‍, ശാഹിദ് മെഹബൂബ്, ഇമ്രാന്‍ ആദില്‍, സുല്‍ഫിക്കര്‍ ബാബര്‍ എന്നിവരാണവര്‍. ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഇംഗ്ലണ്ടിന്റെ ഗാരി ജിം ലേക്കറുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുളള രണ്ട് താരങ്ങള്‍. പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം.

chandrika: