X

ആര്‍.ജെ.ഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ക്രൂര മര്‍ദനം

ആര്‍.ജെ.ഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആര്‍.ജെ.ഡി കൗണ്‍സിലറായിരുന്ന ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഷനൂബിയ നിയാസ് ആര്‍.ജെ.ഡിയില്‍ നിന്ന് മാറി മുസ്‌ലിം ലീഗില്‍ അംഗത്വം എടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ഷനൂബിയയുടെ വീടിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ വീടിന് നേരെ കല്ലെറിയുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗരസഭാ യോഗത്തിനെത്തിയ ഷനൂബിയ നിയാസിനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചെരുപ്പ് മാല അണിയിക്കാനും ശ്രമിച്ചു.

ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഷനൂബിയയെ ആക്രമിക്കുകയായിരുന്നു. തനിക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്ന് സനൂപിയ പറഞ്ഞു.

‘ഞാന്‍ ആര്‍.ജെ.ഡിയില്‍ നിന്നും മാറി കോണ്‍ഗ്രസിന്റെ ഘടക കക്ഷിയായ ലീഗിലേക്ക് മാറിയിരുന്നു. അതിനോടനുബന്ധിച്ച് ഒരുപാട് അപമാനങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. സി.പി.എമ്മിന്റെ കൗണ്‍സിലര്‍മാര്‍ എന്നെ കാണുമ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചത്.

ലീഗിലേക്ക് മാറിയതിന് ശേഷമുള്ള എന്റെ ആദ്യത്തെ കൗണ്‍സില്‍ ഇന്നലെയായിരുന്നു. കൗണ്‍സില്‍ റൂമിലേക്ക് പോകാനിരിക്കെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍മാര്‍ എന്റെ നേരെ വരികയും എന്നെ ആക്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന പരിഗണ പോലും നല്‍കാതെ ചെരുപ്പ് മാല കഴുത്തിലിടാന്‍ ശ്രമിക്കുകയും ചെയ്തു,’ ഷനൂബിയ പറയുന്നു.

webdesk13: