X

വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ക്ക് 7 ലക്ഷം രൂപ; അറസ്റ്റിലായവര്‍ മുമ്പും പരീക്ഷകളില്‍ ക്രമക്കേട് നടത്തിയവര്‍

വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടില്‍ അറസ്റ്റിലായ 3 പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരന്‍ ഉള്‍പ്പടെയുള്ളവരെ ഹരിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഹരിയാനയില്‍ പലതവണ പരീക്ഷകളില്‍ ആള്‍മാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴ് ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.

വി.എസ്.എസ്. സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് 7 ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. 2018 മുതല്‍ ഹരിയാനയില്‍ തന്നെ പലതവണ പരീക്ഷയില്‍ ആള്‍മാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.

മുഖ്യസൂത്രധാരന്‍ ദീപക് ഷിയോകന്ദ് അടക്കം 3 പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ഇയാള്‍. ജിണ്ട് ജില്ലയിലെ വന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചവര്‍ക്ക് പ്രതിഫലം മുന്‍കൂറായി നല്‍കിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിന്റെ സഹായി ലഖ്‌വിന്ദര്‍ ആണ് അറസ്റ്റിലായ മൂന്നാമന്‍. സുനില്‍ എന്നയാളുടെ പേരില്‍ പരീക്ഷ എഴുതിയ ഗൗതം ചൗഹാന്‍, സുമിത്ത് എന്ന പേരില്‍ പരീക്ഷക്കെത്തിയ മനോജ് കുമാര്‍ എന്നിവരാണ് ആദ്യം പിടിയിലായത്.

webdesk13: