ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേതല്ലെന്ന് പൊലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടേതാണ് ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. റോഡരികില്‍ നിന്നയാള്‍ ഫോണ്‍ വിളിക്കുന്നതും, പിന്നീട് സ്‌കൂട്ടറില്‍ കയറിപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കാട്ടില്‍പീടികയില്‍ നിന്നും രാത്രി 11:30ന് ഉള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇയാള്‍ അപരിചിതനാണെന്ന് നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പള്ളിയില്‍ നിന്ന് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ആര്‍സി ഉടമയെ പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ട്രെയിനില്‍ അക്രമം നടത്തിയ ആളല്ലെന്ന് പൊലീസ് സ്ഥീരികരിച്ചത്.
സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ആളുടെ കൈയ്യില്‍ ബാഗും ഫോണുമുണ്ട്. ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. അതേ സമയം അക്രമി എന്ന് സംശയിക്കുന്നയാളുടെ ബാഗും ഫോണും റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തി. ട്രോയിനില്‍ നിന്ന് വന്നിറങ്ങിയ വിദ്യാര്‍ഥി വീട്ടില്‍ പോകാനായി ആരെയോ വിളിച്ചു വരുത്തിയാതാണെന്ന് പൊലീസ്.
അതിനിടെയില്‍ രേഖാചിത്രത്തില്‍ കാണുന്ന ആളോട് സാമ്യമുള്ള ഒരാള്‍ ചികിത്സ തേടിവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പൊലീസ് അന്വേഷണം നടത്തി. ട്രെയിന് തീയിട്ടപ്പോള്‍ പ്രതിക്കും പൊള്ളലേറ്റിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.