ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്ത് സുനിത വില്യംസ് ചവറ്റുകുട്ടയില്‍ എറിയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് മന്ത്രിയും സുനിത വില്യംസിന്റെ ബന്ധുവുമായ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് കേരള ഘടകം ഇന്നലെ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ടതെന്ന് കോണ്‍ഗ്രസ് കുറിച്ചു.
പിന്നാലെ ഗുജറാത്തില്‍ ഒരു കൊലപാതക പരമ്പര തന്നെ ഉണ്ടായെന്നും ഈ പരമ്പര ജസ്റ്റിസ് ലോയയുടെ മരണത്തിലാണ് അവസാനിച്ചതെന്നും കോണ്‍ഗ്രസ് കേരള ഘടകം ചൂണ്ടിക്കാട്ടി.
പ്രശസ്തയായ ഒരു പ്രവാസിയും ഗുജറാത്തിയും ആയിരുന്നിട്ട് കൂടി 2007ല്‍ മോദി സുനിത വില്യംസിനെ അവഗണിച്ചു. ഇപ്പോള്‍ താന്‍ കരുതലുള്ളവനാണെന്ന് ലോകത്തിന് മുന്നില്‍ കാണിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. സുനിത വില്യംസിനെ കുറിച്ച് ദി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ഒരു ലേഖനവും കോണ്‍ഗ്രസ് ഘടകം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഗുജറാത്തിലെ കേശുഭായി പട്ടേല്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു ഹരേണ്‍ പാണ്ഡ്യ. നരേന്ദ്ര മോദി മുഖ്യമന്ത്രിയായതോടെ ഹരേണ്‍ പാണ്ഡ്യയെ റവന്യൂ വകുപ്പിലേക്ക് മാറ്റി. തുടര്‍ന്ന് മോദിയുടെ അടുത്ത സുഹൃത്തായ അമിത് ഷായെ ആഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു.
2003 മാര്‍ച്ച് 26ന് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ വെച്ച് ഹരേണ്‍ പാണ്ഡ്യ വെടിയേറ്റ് മരിക്കുകയായിരുന്നു. പ്രഭാത സവാരിക്കിടെയാണ് ഹരേണ്‍ കൊല്ലപ്പെട്ടത്. മോദിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഹരേണ്‍ ആക്രമിക്കപ്പെട്ടത്.
ഹരേണ്‍ പാണ്ഡ്യയുടെ പിതൃസഹോദരനായ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത വില്യംസ്. സുനിതയുടെ ഈ ഇന്ത്യന്‍ ബന്ധം ഉദ്ധരിച്ചാണ് മോദിയുടെ കത്തിനെതിരെ കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയത്.
ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ത്യയിലേക്ക് വരണമെന്ന് അറിയിച്ചാണ് സുനിത വില്യംസിന് മോദി കത്തെഴുതിയത്. മാര്‍ച്ച് ഒന്നിനായിരുന്നു മോദി സുനിത വില്യംസിന് കത്തയച്ചത്.
1.4 ബില്യണ്‍ ഇന്ത്യക്കാര്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നും ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും നിങ്ങള്‍ തങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും മോദി കത്തില്‍ പറഞ്ഞിരുന്നു.