കോഴിക്കോട്: ഫറോക്കില്‍ വീടുകളുടെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം. രണ്ട് വീടുകളില്‍ നിന്നായി 26 പവന്‍ സ്വര്‍ണവും 42,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. വീടുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ പൂട്ട് തകര്‍ത്ത് മോഷണം നടന്നതായി മനസിലാക്കുന്നത്.
ഫറോക്ക് കുറ്റിക്കാട് അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ നിന്നു 16 പവന്‍ സ്വര്‍ണം മോഷണം പോയി. ഇവര്‍ പൊലീസില്‍ ഉടന്‍ തന്നെ വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടില്‍ നിന്നു പത്ത് പവന്‍ സ്വര്‍ണവും 42,000 രൂപയും മോഷണം പോയെന്ന വിവരം ലഭിക്കുന്നത്.
ഇരു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ഈ പ്രദേശത്ത് നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.