മുങ്ങിമരണങ്ങള്‍ കുറക്കാന്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ് വാക്കായി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കുമെന്നും നിയോജക മണ്ഡലടിസ്ഥാനത്തില്‍ നീന്തല്‍കുളങ്ങള്‍ നിര്‍മിക്കുമെന്നും 2016ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദനാഥിന്റെ പ്രതികരണം. പലതവണകളിലായി നിരവധി പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തി. പിന്നാലെ വന്ന മന്ത്രി വി. ശിവന്‍കുട്ടിയും നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്നറിയിച്ചെങ്കിലും എല്ലാം വാക്കുകളില്‍ മാത്രമൊതുങ്ങി.
താനൂര്‍ ബോട്ടപകടം ചര്‍ച്ചയാകുന്ന ഈ സമയത്തും സ്‌കൂളുകളില്‍ നീന്തല്‍പഠനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം വന്നേക്കും. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയല്ല, തടസങ്ങള്‍ നീക്കി അത് പാലിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 1000 മുതല്‍ 1200 പേര്‍ വരെ മുങ്ങിമരിക്കുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. ഇതില്‍ കൂടുതലും 18 വയസിന് താഴെയുള്ളവര്‍.
ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം നല്‍കുമെന്ന വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.