അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ യുവതിയെ നടനും, ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പരിഹസിച്ചതായി പരാതി. ചികിത്സക്കായി സമീപിച്ചപ്പോള്‍ കളിയാക്കുന്ന തരത്തില്‍, ഗോവിന്ദന്‍ മാസ്റ്ററെ പോയിക്കാണൂ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി.
കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന്‍ അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്. എന്നാല്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയിക്കാണൂ എന്ന മറുപടി കേട്ട സിന്ധു ക്ഷേത്രനടയിലുള്ളവരോട് ഗോവിന്ദന്‍ മാസ്റ്റര്‍ ആരാണെന്ന് ചോദിച്ചിരുന്നു.
എന്നാല്‍ സുരേഷ് ഗോപി കളിയാക്കിയതായിരുന്നു എന്നറിഞ്ഞ സിന്ധു ക്ഷേത്രനടയിലിരുന്ന് കരയുകയും ചുറ്റുമുണ്ടായിരുന്നവര്‍ ആശ്വസിപ്പിക്കുകയും ചെയ്തു.
തമിഴ്‌നാട് സ്വദേശിനിയായ സിന്ധു, കോടീശ്വരന്‍ പരിപാടിയിലൂടെയാണ് സുരേഷ് ഗോപിയുടെ ചാരിറ്റിയെക്കുറിച്ചറിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയെക്കണ്ട സിന്ധു, കുഞ്ഞിനെയുമെടുത്തുകൊണ്ട് സുരേഷ് ഗോപിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന് ഒരുമാസം മരുന്നിന് മാത്രം 50,000 രൂപ ചെലവുണ്ട്.