X

കൈയ്യില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ; കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; മല്ലു ട്രാവലര്‍

സഊദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍. കേസില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ രേഖകള്‍ കൈയിലുണ്ട്.നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നാട്ടില്‍ വരുമെന്നും മല്ലു അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലില്‍ മുഴുവന്‍ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസില്‍ ഞാന്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്.

എന്നാല്‍, ഞാന്‍ ഒരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, 100 ശതമാനം ഇനിയൊരിക്കലും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവര്‍ തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയില്‍ പറഞ്ഞു.

”സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിലെ നിയമം അനുസരിച്ച് ഞാന്‍ നാട്ടില്‍ വന്നാല്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാല്‍ ഞാന്‍ നാട്ടില്‍ വരും. ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും.”

ഈ കേസ് തീരാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നില്‍ ഞാന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടില്‍ ഒരു സ്ത്രീ വിചാരിച്ചാല്‍ ഏതു പുരുഷനെയും തകര്‍ക്കാനാകും.

എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. പൊലീസില്‍ വിളിച്ചുചോദിച്ചപ്പോള്‍ അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.

സഊദി യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. പരാതിയില്‍ 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

webdesk13: